ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഗുരുതരാവസ്ഥയിൽ കാൺപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടി വെന്‍റിലേറ്ററിലാണെന്ന് കാൺപൂരിലെ റീജൻസി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പ്രതിപക്ഷം സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
നിലവിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് കൃത്യമായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് നിർദേശിച്ചു. എന്നാൽ പെൺകുട്ടിയുടെ അമ്മയുടെയും സഹോദരന്‍റെയും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണത്തിൽ പെൺകുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ടെത്തിയിട്ടില്ലെന്നും എസ് പി പറഞ്ഞു.