ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധന റിപ്പോർട്ട് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയതായും മന്ത്രാലയം അറിയിച്ചു. പുതുക്കിയ മാനദണ്ഡമനുസരിച്ച് രാജ്യത്ത് ഒരു രോഗിക്ക് പോലും ഓക്സിജൻ, അവശ്യ മരുന്നുകളൾ തുടങ്ങി ഒരു തരത്തിലുമുള്ള ചികിത്സയും നിരസിക്കപ്പെടരുതെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണം. സ്വകാര്യ ആരോഗ്യ മേഖലയിലും സർക്കാർ ആരോഗ്യ മേഖലയിലും പുതിയ നിർദേശങ്ങൾ ഒരുപോലെ ബാധകമാണ്.
രാജ്യത്ത് ഒരു കൊവിഡ് രോഗിക്കും ആശുപത്രി പ്രവേശനം നിരസിക്കപ്പെടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
പുതുക്കിയ മാനദണ്ഡമനുസരിച്ച് രാജ്യത്ത് ഒരു രോഗി പോലും ഓക്സിജൻ, അവശ്യ മരുന്നുകളൾ തുടങ്ങി ഒരു തരത്തിലുമുള്ള ചികിത്സയും നിരസിക്കപ്പെടരുതെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണം
കൊവിഡ് ബാധിച്ച രോഗികൾക്ക് ഉടനടി ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് പുതിയ നടപടികൾ ലക്ഷ്യം വക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.പുതിയ നിർദേശ പ്രകാരം കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കീഴിലുള്ള സ്വകാര്യ-സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ കൊവിഡ് പരിശോധന റിപ്പോർട്ട് ആവശ്യപ്പെടാൻ പാടില്ല. എന്നാൽ സംശയാസ്പദമായ കേസുകളിൽ രോഗികളെ കൊവിഡ് കെയർ സെന്‍റർ (സിസിസി), ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്റർ (ഡിസിഎച്ച്സി) എന്നിവയിൽ പ്രവേശിപ്പിക്കാം. ആശുപത്രിയിൽ എത്തുന്ന രോഗി മറ്റൊരു നഗരത്തിൽ നിന്നാണെങ്കിൽ പോലും ഓക്സിജൻ, അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൺ നിരസിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read: ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് അടിയന്തര അനുമതി
ആശുപത്രിയിലെ പ്രവേശനം ആവശ്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത ആളുകൾ കിടക്കകൾ കൈവശപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം. കൂടാതെ പുതുക്കിയ ഡിസ്ചാർജ് നയത്തിന് അനുസൃതമായിട്ടാവണം രോഗികളെ ആശുപത്രിയിൽ നിന്നും വിടേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ആവശ്യമായ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കാൻ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.