ലിസ്‌ബൺ: ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തില്‍ രാജിവച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ. യുവതി ആംബുലൻസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് മാർത്തയുടെ രാജി. 34കാരിയായ യുവതിയെ സാന്‍റ മരിയ ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് ലിസ്‌ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പോർച്ചുഗലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സാന്‍റ മരിയ. തുടർന്ന് യുവതിയുടെ കുഞ്ഞിനെ അടിയന്തര സിസേറിയനിലൂടെ പുറത്തെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാർത്തയുടെ രാജി.
വേനലവധിക്കാലത്ത് പോർച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്‌ടർമാർ ഉണ്ടാകാറില്ല. ഇതേത്തുടർന്ന് അടിയന്തര പ്രസവ സേവനങ്ങൾ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ, താത്കാലികമായി നിർത്തിവയ്ക്കാൻ മാർത്ത ഉത്തരവിട്ടിരുന്നു. ഇതാണ് യുവതിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് വിമർശകർ ആരോപിക്കുന്നത്.