ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): തീര്‍ഥാടകര്‍ക്കായി ബദ്രിനാഥ് ധാം ഇന്ന് തുറക്കും. രാവിലെ 7.10നാണ് ക്ഷേത്രനട തുറക്കുന്നത്. വേദ ശ്ലോകങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയാകും ബദ്രിനാഥ് ക്ഷേത്രം തുറക്കുക. നട തുറക്കുന്നതിന്‍റെ ഭാഗമായി 15 ക്വിന്‍റല്‍ പൂക്കള്‍ കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.
ചൊവ്വാഴ്‌ച കേദാര്‍നാഥ് ക്ഷേത്രത്തിന്‍റെ നട തുറന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കേദാര്‍നാഥിലെ ആദ്യ പൂജ നടന്നത്. റാവൽ ഭീമശങ്കര ലിംഗവും പൂജാരി ശിവലിംഗും ധർമ്മാചാര്യന്മാരും ചേർന്നാണ് പൂജ നടത്തിയത്.
ചാർധാം യാത്ര ഭക്തർക്ക് എളുപ്പവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ചൊവ്വാഴ്‌ച പറഞ്ഞു. 'ഉത്തരാഖണ്ഡിലെ ചാർധാം യാത്ര എളുപ്പവും സുരക്ഷിതവുമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സാമൂഹിക സംഘടനകളും സന്നദ്ധ സംഘടനകളും യാത്രയ്ക്ക് പൂർണ സഹകരണം ഉറപ്പ് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ യാത്ര കൃത്യമായി ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്' -മുഖ്യമന്ത്രി പറഞ്ഞു.
ഗംഗോത്രി, യമുനോത്രി ധാമുകള്‍ തീര്‍ഥാടകര്‍ക്കായി നേരത്തെ തുറന്നിരുന്നു. അവിടെയും തീര്‍ഥാടനം സുഗമമായി നടക്കുന്നു എന്ന് പുഷ്‌കർ സിങ് ധാമി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ ധാമുകളില്‍ എത്തിയ ഭക്തര്‍ക്ക് നേരെ ഹെലികോപ്‌റ്ററില്‍ നിന്ന് പുഷ്‌പങ്ങള്‍ വര്‍ഷിച്ചിരുന്നു. കേദാര്‍നാഥ് ക്ഷേത്രം തുറന്നപ്പോള്‍ പുഷ്‌കർ സിങ് ധാമി ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി.
കേദാര്‍നാഥില്‍ ദര്‍ശനത്തിനെത്തിയ ഭക്തരെ മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു. ക്ഷേത്ര പരിസരത്ത് മുഖ്യ സേവക് സംഘടിപ്പിച്ച അന്നദാനത്തില്‍ പങ്കെടുത്ത ശേഷമാണ് പുഷ്‌കർ സിങ് ധാമി കേദാര്‍നാഥില്‍ നിന്ന് മടങ്ങിയത്.