മുംബൈ: നീലച്ചിത്ര നിർമാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയയുടെ ഭാര്യയും പ്രശസ്‌ത നടിയുമായ ശിൽപ ഷെട്ടിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തി. കേസില്‍ ശില്‍പ ഷെട്ടിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മുംബൈ പൊലീസ് കമ്മിഷണര്‍ മിലിന്ദ് ബരാംബെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘം റെയ്‌ഡിനായി താരത്തിന്‍റെ വീട്ടിൽ എത്തിയത്.
ജൂലൈ 19നാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നീലച്ചിത്രങ്ങൾ നിർമിച്ച് ഹോട്ട്ഷോട്ട്സ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്തുവെന്നാണ് കേസ്. അറസ്റ്റിനെ തുടർന്ന് രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓഫിസുകളില്‍ ബുധനാഴ്‌ച രാത്രി പൊലീസ് പരിശോധന നടത്തിയിരുന്നു. വിയാൻ ഇൻഡസ്ട്രീസിന്‍റെ ഡയറക്ടർമാരിൽ ഒരാളാണ് ശിൽപ ഷെട്ടി. ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.