ഛപ്ര (ബിഹാര്‍):പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രശസ്‌ത ഭോജ്‌പുരി നാടോടി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബിഹാറിലെ സരൺ ജില്ലയിലെ ഛപ്രയിൽ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. തുടർന്ന് നിഷയെ പട്‌നയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഷയുടെ നില ഗുരുതരമാണെന്ന് പൊലീസ് ഇന്ന് (വ്യാഴം) അറിയിച്ചു. ഒരു സ്‌റ്റേജ് ഷോയ്‌ക്കിടെയാണ് സംഭവം നടന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നിഷയുടെ കുടുംബാംഗങ്ങളെയും സംഭവം അറിയിച്ചിരുന്നു. തുടര്‍ന്ന് പട്‌നയിലെ മാക്‌സ് ആശുപത്രിയില്‍ ഗായികയുടെ കുടുംബാംഗങ്ങള്‍ എത്തിയിട്ടുണ്ട്.
പരിപാടിക്കിടെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ നിഷയുടെ കാലിൽ ബുള്ളറ്റ് പതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ ഉടന്‍ തന്നെ ഗായിക സംഭവസ്ഥലത്ത് വീണു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസും പ്രതികരിച്ചിട്ടുണ്ട്. ചിലർ ആഘോഷ വെടിവയ്‌പ്പില്‍ ഏർപ്പെട്ടെന്നും, അതിനിടെ ഗായികയുടെ കാലില്‍ വെടിയുണ്ട പതിച്ചെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ആഹ്ളാദപ്രകടനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഗാർഖ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിപാടിയുടെ സംഘാടകനെയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം നിഷയുടെ നിലവിലെ അവസ്ഥ അറിയാൻ ഗായികയുടെ നിരവധി ആരാധകര്‍ സംസ്ഥാന തലസ്ഥാനത്തെ മാക്‌സ് ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയിരിക്കുകയാണ്. ബിഹാറിലെ ജനങ്ങൾക്ക് വളരെ പ്രിയങ്കരിയാണ് നിഷ. ഈ സംസ്ഥാനത്തെ സരൺ ജില്ലയിലെ ഗാർഖ ബ്ലോക്കിലെ ഗൗഹർ ബസന്ത് സ്വദേശിയാണ് താരം.
അടുത്തിടെയാണ് മറ്റൊരു പ്രശസ്‌ത ഭോജ്‌പുരി ഗായിക ആകാൻക്ഷ ദുബെ മരണപ്പെട്ടത്. മാർച്ച് 26നാണ് ആകാൻക്ഷ ദുബെയെ വാരാണസിയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടു മുൻപ് ഒരു ഇൻസ്‌റ്റഗ്രാം ലൈവിനിടെ ആകാൻക്ഷ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ആകാൻക്ഷ ദുബെയുടെ ദുരൂഹ മരണത്തില്‍ ഗായകന്‍ സമർ സിങ് പിടിയിലായിരുന്നു. കൂടാതെ സമർ സിങിന്‍റെ സഹോദരൻ സഞ്ജയ് സിങിനുമെതിരെയും പൊലീസ് കേസെടുത്തു. ആകാൻക്ഷയുടെ മരണത്തിന് മുൻപ് തന്നെ ഫോണിൽ വിളിച്ചിരുന്നതായി കേസിലെ പ്രതിയും ഗായകനുമായ സമർ സിങ് വെളിപ്പെടുത്തി. ആത്മഹത്യാപ്രേരണ കേസിൽ പൊലീസ് നടത്തിയ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ നടിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
'ഞാനുമായുള്ള ബന്ധം ആകാൻക്ഷ വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ മൂന്ന് മാസം മുൻപ് വേർപിരിയാൻ തീരുമാനിച്ചത് ആകാന്‍ക്ഷയെ അസ്വസ്ഥയാക്കിയിരുന്നു. ടെലിവിഷൻ ചിത്രീകരണ വേളകളിൽ സന്തോഷവതിയായി കാമറയ്‌ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ ബന്ധത്തെ തുടർന്ന് മാനസികമായി വിഷമത്തിലായിരുന്നു. ആകാൻക്ഷ തന്നെ എപ്പോഴും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. കോളുകളോട് ഞാൻ പ്രതികരിക്കാറുണ്ടായിരുന്നു'. - ഇപ്രകാരാണ് സമർ പൊലീനോട് വെളിപ്പെടുത്തിയത്.
Also Read:'മരണത്തിന് മുൻപ് ആകാൻക്ഷ രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ടു'; നടിയുടെ മരണത്തിൽ സമർ സിങിന്‍റെ വെളിപ്പെടുത്തൽ