വത്തിക്കാന്‍ സിറ്റി: എല്ലാ ഞായറാഴ്ചയും വിശ്വാസികള്‍ക്ക് നല്‍കി വരാറുള്ള ദര്‍ശനത്തിന് ഇന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ(pope francis marpapa) എത്തിയില്ല. സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലെ( st peters square) കിളിവാതിലില്‍ എല്ലാ ഞായറാഴ്ചയും പതിവ് തെറ്റാതെ പാപ്പ എത്താറുള്ളതാണ്. അദ്ദേഹത്തിന് ചെറിയ പനിയുണ്ടെന്ന് കഴിഞ്ഞ ദിവസം വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നത്തെ ദര്‍ശനം ഒഴിവാക്കിയത് എന്നാണ് സൂചന.
വിശ്വാസികള്‍ക്ക് അനുഗ്രഹ ദര്‍ശനം നല്‍കിയ ശേഷം സാധാരണ നടത്താറുള്ള പ്രാര്‍ത്ഥന ഇന്ന് (26-11-2023) അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് നിന്ന് ചെയ്തെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രാര്‍ത്ഥന ടെലിവിഷനിലൂടെ തത്സമയം പ്രദര്‍ശിപ്പിച്ചു. തുറന്ന ജനാലയ്ക്കരികില്‍ എത്തുന്ന പോപ്പിനെ കാണാന്‍ എല്ലാ ഞായറാഴ്ചയും പതിനായിരങ്ങളാണ് സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ച് കൂടാറുള്ളത്.
അടുത്തമാസം 87ാം പിറന്നാള്‍ ആഘോഷിക്കുന്ന പോപ്പിനെ കഴിഞ്ഞ ദിവസം സിടി സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നു സ്കാനിംഗ്. എന്നാല്‍ പരിശോധനാഫലം ആശങ്കജനകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.