ശ്രീനഗർ : ജമ്മു കശ്‌മീരിലെ പൂഞ്ചിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) ഉൾപ്പെടെ രണ്ട് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തെലു റാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ശനിയാഴ്‌ച സുരൻകോട്ടെയിലെ അരുവി മറികടക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. മിന്നൽ പ്രളയത്തിൽ അരുവിയിലെ ജലനിരപ്പ് ഉയരുകയും സൈനികര്‍ ഒഴുക്കിൽ പെടുകയുമായിരുന്നു. ഇതിൽ നായിബ് സുബേദാർ കുൽദീപ് സിങിന്‍റെ മൃതദേഹം ശനിയാഴ്‌ച രാത്രി തന്നെ കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്‌ച രാവിലെയോടെയാണ് ലാൻസ് നായിക് തെലു റാമിന്‍റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം മരിച്ച സൈനികർക്ക് ഇന്ത്യന്‍ ആര്‍മിയുടെ 16 കോര്‍പ്‌സ് ആദരാഞ്ജലികൾ അർപ്പിച്ചു. 'പൂഞ്ചിലെ ദുഷ്‌കരമായ ഭൂപ്രദേശത്ത് ഏരിയ ഡോമിനേഷന്‍ പട്രോളിങിനിടെ ഒരു അരുവി മുറിച്ച് കടക്കുന്നതിനിടെ ലാൻസ് നായിക് തെലു റാം പെട്ടന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി.
തെലു റാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നായിബ് സുബേദാർ കുൽദീപ് സിങിനും തന്‍റെ ജീവൻ നഷ്‌ടമായി. ജീവൻ നഷ്‌ടപ്പെട്ട സൈനികർക്ക് ആദരവര്‍പ്പിക്കുകയും അവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നു.' ഇന്ത്യന്‍ ആര്‍മിയുടെ 16 കോര്‍പ്‌സ് ട്വിറ്ററിൽ കുറിച്ചു.
മരിച്ച രണ്ട് സൈനികരും പഞ്ചാബ് സ്വദേശികളാണ്. നായിബ് സുബേദാർ കുൽദീപ് സിങ് തരണിലെ ചഭൽ കലാൻ സ്വദേശിയും ലാൻസ് നായിക് തെലു റാം ഹോഷിയാർപൂരിലെ ഖുരാലി ഗ്രാമത്തിലെ താമസക്കാരനുമാണ്. മൃതദേഹങ്ങൾ പഞ്ചാബിലെ അവരുടെ ജന്മസ്ഥലങ്ങളിലേക്ക് അയക്കുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
രണ്ട് ജില്ലകളിൽ റെഡ് അലർട്ട് : അതേസമയം തുടർച്ചയായ മൂന്നാമത്തെ ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്‌മീരിലെ കത്വ, സാംബ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മിന്നൽ പ്രളയം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ കശ്‌മീരിന്‍റെ പല പ്രദേശങ്ങളിലും ഞായറാഴ്‌ച മഴയ്‌ക്ക് ഒരൽപ്പം ശമനം വന്നിട്ടുണ്ട്. മഴ കുറഞ്ഞതിനാൽ ഝലം നദിയിലെ ജലനിരപ്പ് താഴ്‌ന്നിട്ടുണ്ടെന്നും ജലനിരപ്പ് താഴ്‌ന്നതിനാൽ തന്നെ ഇവിടുത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് അയവ് വന്നിട്ടുണ്ടെന്നും ശ്രീനഗറിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ശ്രീനഗർ ഉൾപ്പെടെ കശ്‌മീരിലെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് ആശ്വാസത്തിന്‍റെ ദിനമായിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം കാലാവസ്ഥ വരും ദിവസങ്ങളിൽ മെച്ചപ്പെടുമെന്ന് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിലെ (ഐഎംഡി) കാലാവസ്ഥ നിരീക്ഷകൻ ഫാറൂഖ് അഹമ്മദ് ഭട്ട് വ്യക്‌തമാക്കി.
കാലാവസ്ഥ മെച്ചപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് കുറയും, എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ കശ്‌മീരിൽ ശക്‌തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അതിന് ശനിയാഴ്‌ച പെയ്‌ത മഴയുടെ അത്രയും തീവ്രത ഉണ്ടാകില്ല. വെള്ളപ്പൊക്ക ഭീതിയും കുറഞ്ഞ് വരികയാണ്, ഫാറൂഖ് അഹമ്മദ് ഭട്ട് കൂട്ടിച്ചേർത്തു.