ഹൈദരാബാദ്:സമ്പന്നമായ ബിസിനസ് കുടുംബത്തില്‍ ജനിച്ച യുവതികളെ സംബന്ധിച്ച് ഒരുപക്ഷെ അവര്‍ പാരമ്പര്യ ബിസിനസ് രംഗത്തേക്ക് തന്നെ കാലെടുത്ത് വച്ചേക്കാം. അല്ലെങ്കില്‍ പേരിന് ബിസിനസിന്‍റെ ഭാഗമാവുകയും തുടര്‍ന്ന് വൈവാഹിക ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് ഒതുങ്ങിപ്പോവുകയും ചെയ്‌തേക്കാം. ഇതല്ലാതെ മറ്റൊരു തൊഴിലിടം കണ്ടെത്തുകയോ സൃഷ്‌ടിച്ചെടുക്കുകയോ ചെയ്‌ത് വെന്നിക്കൊടി പാറിക്കുന്നവര്‍ വളരെ വിരളമാണ്. അത്തരത്തില്‍ വഴിമാറി നടന്ന് വിജയം കണ്ടെത്തിയ ഒരാളാണ് പൂനം ഗുപ്‌ത.
സമ്പന്ന കുടുംബത്തില്‍ ജനിച്ചത് കൊണ്ടുതന്നെ പിതാവിന്‍റെയോ ഭര്‍ത്താവിന്‍റെയോ എല്ലാം സഹകരണത്തോടെ പൂനം വളരെ പെട്ടന്നുതന്നെ ബിസിനസ് രംഗത്തേക്ക് കടന്നുവരുമെന്നാണ് പലരും കരുതിയിരുന്നത്. ജോലിയൊന്നും കണ്ടെത്തേണ്ടതില്ലെന്നും വിവാഹ പ്രായമെത്തുമ്പോള്‍ കുടുംബിനിയായി മാറിയാല്‍ മതിയെന്ന് അവരെ ഉപദേശിച്ചവരും കുറവല്ല. എന്നാല്‍ അപ്രസക്തമായ ഇത്തരം വാക്കുകള്‍ക്ക് വിലകൊടുക്കാതെ മുന്നേറിയതോടെ പൂനം നേടിയത് നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള 1000 കോടി രൂപയിലധികം ആസ്‌തിയുള്ള സ്വന്തം കമ്പനിയാണ്.
പഠനം, വിവാഹം, ജോലി അന്വേഷണം:പഠനകാലത്ത് തന്നെ മിടുക്കിയായിരുന്ന പൂനത്തിന് മാതാപിതാക്കള്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി കൂടെ നടന്നു. അങ്ങനെ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദം നേടിയ ശേഷം ഇന്‍റര്‍നാഷണല്‍ ബിസിനസ് ആന്‍റ് മാര്‍ക്കറ്റിങില്‍ എംബിഎയും പൂനം സ്വന്തമാക്കി. തുടര്‍ന്ന് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നോക്കാനിരിക്കെയാണ് വിവാഹ ആലോചനകളെത്തുന്നതും സ്‌കോട്‌ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ പുനീത് ഗുപ്‌ത എന്നയാളെ വിവാഹം കഴിക്കുന്നതും. എന്നാല്‍ വിവാഹത്തോടെ തന്‍റെ ആഗ്രഹങ്ങള്‍ മാറ്റിവയ്‌ക്കാന്‍ പൂനം തയ്യാറല്ലായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കണമെന്ന അവരുടെ ആഗ്രഹത്തിന് ഭര്‍ത്താവ് പിന്തുണ കൂടി നല്‍കിയതോടെ പൂനം മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് ജോലിക്കുള്ള അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു.
ബിരുദവും കഴിവും ആത്മവിശ്വാസവുമെല്ലാം തന്നെ ഉണ്ടെങ്കിലും ജോലി രംഗത്തെ പരിചയക്കുറവ് എല്ലാവരെയും പോലെ പൂനത്തിനും വിലങ്ങുതടിയായി. ഇതിനിടെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനിയില്‍ കുറച്ചുവര്‍ഷം ശമ്പളമില്ലാതെ ജോലിയിലും പ്രവേശിച്ചു. ഇതിനിടെയാണ് താന്‍ ജോലി ചെയ്യുന്ന ഓഫിസിന് സമീപത്തുള്ള ഒരു കമ്പനി നല്ല നിലവാരമുള്ള ലോഡ് കണക്കിന് പേപ്പറുകള്‍ ചവറായി ഒഴിവാക്കുന്നത് പൂനത്തിന്‍റെ ശ്രദ്ധയില്‍പെടുന്നത്. അത്രയും നിലവാരമുള്ള പേപ്പറുകളെ ശരിയായ രീതിയില്‍ ഉപയോഗപ്രദമാക്കിയെടുത്താല്‍ എന്താണ് തെറ്റെന്ന് അവര്‍ ആലോചിച്ചു തുടങ്ങി. അങ്ങനെയാണ് 2003 ല്‍ പൂനം തന്‍റെ സ്വന്തം കമ്പനി ആരംഭിക്കുന്നത്. കമ്പനിക്ക് എന്ത് പേരിടണമെന്നതിലും അവര്‍ക്ക് സംശയങ്ങളില്ലായിരുന്നു. തന്‍റെ പേരായ പൂനം ഗുപ്‌തയെ ചുരുക്കി പിജി പേപ്പര്‍ കമ്പനി എന്നുതന്നെ പേരുമിട്ടു.
പൂനം എന്ന ബ്രാന്‍ഡിന്‍റെ ജനനം:ആദ്യ തവണ തന്നെ 40 ലക്ഷം രൂപയുടെ ഓർഡർ ലഭിച്ചതോടെ പൂനം ത്രില്ലിലായി. എന്നാല്‍ അധികം വൈകാതെ കമ്പനിക്കായി കൂടുതല്‍ യന്ത്രസാമഗ്രികൾ വാങ്ങാൻ മതിയായ പണമില്ലാത്തതിനാൽ പൂനം തടസവും നേരിട്ടു. എന്നാല്‍ അച്ഛനില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ സഹായം സ്വീകരിക്കാന്‍ പൂനം തയ്യാറായില്ല. അതുകൊണ്ടുതന്നെ സ്‌കോട്ട്‌ലൻഡിലെ സർക്കാർ പദ്ധതിയിലൂടെ പൂനം ലോണെടുത്തു. പിന്നീട് അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മാത്രമല്ല കമ്പനിയുടെ പ്രാരംഭ ഘട്ടത്തില്‍ തനിക്കൊപ്പം കൂടി പ്രവര്‍ത്തിക്കാന്‍ ഭര്‍ത്താവിനെ പൂനം ക്ഷണിച്ചുവെങ്കിലും, തന്‍റെ വാര്‍ഷിക വരുമാന പാക്കേജ് 80 ലക്ഷം രൂപയാണെന്നറിയിച്ച് അദ്ദേഹം വിസമ്മതിച്ചിരുന്നു. എന്നാല്‍ നിലവില്‍ വാര്‍ഷിക പാക്കേജായ ഒരു കോടി രൂപ ശമ്പളത്തില്‍ ഭര്‍ത്താവും പൂനത്തിനും കമ്പനിക്കും ഒപ്പമുണ്ട്. കമ്പനിക്ക് ഇന്ത്യ, ചൈന, തുര്‍ക്കി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഓഫിസുകളുമുണ്ട്.
എന്നാല്‍ താന്‍ നേടിയ വിജയത്തിന്‍റെ വലിപ്പം ഓര്‍ത്തോ സമ്പാദ്യം കണ്ടോ പൂനം തൃപ്‌തയല്ല. വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ തന്നെ തന്നോട് യാത്ര ചൊല്ലി പോയ അമ്മയേയും ഗര്‍ഭാവസ്ഥയില്‍ അസ്ഥിയില്‍ ബാധിച്ച ക്ഷയരോഗവുമെല്ലാം കടന്നുവന്ന പൂനം ചാരിറ്റി രംഗത്തും സജീവമാണ്. ഇതിന്‍റെ ഭാഗമായി സ്ഥാപിച്ച ഗുപ്‌ത ചാരിറ്റബിള്‍ ട്രസ്‌റ്റ് മുഖാന്തരം ഇന്ത്യയിലെയും യുകെയിലും അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൂനം പ്രവര്‍ത്തിച്ചുവരികയാണ്.