തിയേറ്റര്‍ റിലീസിന് ശേഷം മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍. ബോക്‌സ്‌ഓഫിസില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമയുടെ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
നേരത്തെ ചിത്രം റെന്‍റ് ചെയ്‌ത് കാണാന്‍ മാത്രമായിരുന്നു അവസരം. എന്നാലിപ്പോള്‍ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ചിത്രം കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. അതായത് ലോകമൊട്ടാകെയുള്ള സിനിമ പ്രേമികള്‍ക്ക് പൊന്നിയിന്‍ സെല്‍വന്‍ 2 ആമസോണ്‍ പ്രൈമിലൂടെ കാണാം. തമിഴിനെ കൂടാതെ മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ആമസോണില്‍ ലഭ്യമാകും.
സംവിധായകന്‍ മണിരത്‌നത്തിന്‍റെ 67-ാം ജന്മദിനത്തിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2ന്‍റെ ഒടിടി റിലീസ് എന്നതും ശ്രദ്ധേയമാണ്. ഏപ്രില്‍ 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനം മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
1955 ല്‍ എഴുത്തുക്കാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തി രചിച്ച തമിഴ് നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍ 1'. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ലാൽ, ശോഭിത ധുലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നിരൂപക പ്രശംസ നേടിയ 'രാവണന്‍' (2010) എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പര്‍ താരം വിക്രമുമായുള്ള ഐശ്വര്യയുടെ മൂന്നാമത്തെ സഹകരണമാണ് 'പിഎസ് 2'. സിനിമയില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് പ്രത്യക്ഷപ്പെട്ടത്. പഴുവൂരിലെ രാജകുമാരി നന്ദിനി രാജ്ഞി, മന്ദാകിനി ദേവി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത്.
'പൊന്നിയിന്‍ സെല്‍വന്‍ 1' അവസാനിച്ചിടത്ത് നിന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ന്‍റെ തുടക്കം. പൊന്നിയിന്‍ സെല്‍വന്‍ (ജയം രവി) മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ മന്ദാകിനി (ഐശ്വര്യ) കടലിൽ ചാടി പൊന്നിയിന്‍ സെല്‍വനെ രക്ഷപ്പെടുത്തുന്നു. ഇതോടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.
ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഐശ്വര്യ റായ് രംഗത്തെത്തിയിരുന്നു. 'പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ വളരെയധികം അഭിനന്ദിച്ചതിന് നന്ദി. ഇവിടെയുള്ള തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾക്ക് സ്നേഹം നൽകുകയും ഞങ്ങളുടെ ടീമിന്‍റെ പ്രയത്നങ്ങൾ ആസ്വദിക്കുകയും ചെയ്‌ത രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും നന്ദി. 'പൊന്നിയിൻ സെൽവൻ 2'ന് ഞങ്ങൾക്ക് അത്തരമൊരു ആവേശം ലഭിച്ചു' -ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഗാനത്തെ കുറിച്ചുള്ള ശില്‍പ റാവുവിന്‍റെ വാക്കുകളും മാധ്യമ ശ്രദ്ധ നേടിയിരുന്നു. 'എആർ റഹ്മാൻ സറിനും മണിരത്‌നം സാറിനും വേണ്ടി പാടുന്നത് ഒരു ബഹുമതിയാണ്. മണി സാറിന്‍റെ ചിത്രങ്ങള്‍ കണ്ട് വളർന്നവരിൽ ഒരാളാണ് ഞാന്‍. എനിക്കിപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് തികഞ്ഞ ബഹുമതിയാണ്. 'പൊന്നിയിന്‍ സെല്‍വന്‍ 2'ലെ താരനിര എന്നെ അതിശയിപ്പിക്കുന്നതാണ്. വളരെ മനോഹരമായ ക്രമീകരണത്തിലാണ് റുവാ റുവാ പ്രണയഗാനം ഒരുക്കിയിരിക്കുന്നത്.
ഇതുപോലെ ഒന്ന് ഞാൻ ഇതുവരെ പാടിയിട്ടില്ല. എനിക്കിത് വളരെ പുതുമ ഉള്ളതായി തോന്നുന്നു. എആര്‍ റഹ്മാൻ സർ വളരെ മനോഹരമായി തന്നെ ഈ ഗാനം ഒരുക്കി. മനോഹര താളമുള്ള ഗാനം ആലപിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ എന്നത്തെയും പോലെ ഇക്കുറിയും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ഗുൽസാർ സാഹബ് ആണ് ഗാനരചന. ഇത്തരം ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു... ഇതിഹാസങ്ങളുടെ ഗാനത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു തികഞ്ഞ ബഹുമതിയായി ഞാൻ കരുതുന്നു.' -ഇപ്രകാരമാണ് ശില്‍പ റാവു പറഞ്ഞത്.
Also Read:ബോക്‌സോഫിസ് കീഴടക്കി പൊന്നിയിൻ സെൽവൻ 2; രണ്ടാം ദിവസം 50 കോടി ക്ലബിൽ