രുദ്രപുർ (ഉത്തരാഖണ്ഡ്) :ഇനി പ്ലാസ്റ്റിക് കവർ മണ്ണ് മലിനീകരണം ഉണ്ടാക്കുന്നുവെന്ന പേടി വേണ്ട. പോളിത്തീൻ കവറിന് തവിടിൽ നിന്ന് ബദൽ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് പന്ത്‌നഗർ കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ടെക്‌നോളജിയിലെ ശാസ്‌ത്രജ്ഞർ. മണ്ണുമായി സമ്പർക്കത്തിൽ വന്നാൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ നശിച്ചുപോകുമെന്നതാണ് തവിടിൽ നിന്ന് നിർമിച്ച പോളിത്തീൻ പോലുള്ള ഫിലിമിന്‍റെ പ്രത്യേകത.
അതിനാൽ മണ്ണ് മലിനീകരണമോ ജല മലിനീകരണമോ ഉണ്ടാകുമെന്ന ആശങ്കയ്ക്കും ഇടയില്ല. മൂന്ന് വർഷമെടുത്താണ് സംഘം ഗവേഷണങ്ങൾ പൂർത്തിയാക്കിയത്. തവിടുകൾ ശുദ്ധീകരിച്ച് പോളിലാക്‌റ്റിക് ആസിഡുമായി ചേർത്താണ് ഫിലിം തയാറാക്കിയത്. ഭക്ഷണവും പച്ചക്കറികളും സൂക്ഷിക്കാൻ ഇത് ഉപയോഗിക്കാമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ഇനി പ്ലാസ്റ്റിക് ഒഴിവാക്കാം; തവിടിൽ നിന്ന് ബയോഡീഗ്രേഡബിൾ ഷീറ്റ് വികസിപ്പിച്ച് ഗവേഷകർ പ്ലാസ്റ്റിക് കവറുകൾക്ക് മികച്ചൊരു ബദൽ സംവിധാനമാണ് ഇതെന്ന് സർവകലാശാലയിലെ ഫുഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇത് തയാറാക്കാൻ ചിലവും കുറവാണ്. പരീക്ഷണത്തിന് പേറ്റന്‍റ് സ്വന്തമാക്കുമെന്ന് ഗവേഷകർ പറയുന്നു.
അരി ഉത്‌പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 24 ദശലക്ഷം ടൺ തവിട് നെല്ല് പൊടിക്കുമ്പോൾ രാജ്യത്ത് ഉത്‌പാദിക്കപ്പെടുന്നു. ഇതിൽ ഒരു ചെറിയ ശതമാനം ബോയിലറുകൾ, വൈദ്യുതി ഉത്‌പാദനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ബാക്കി വരുന്ന തവിടുകൾ ഒന്നുകിൽ കത്തിക്കുകയോ അല്ലെങ്കിൽ മാലിന്യമായി തള്ളുകയോ ആണ് പതിവ്.
കുറഞ്ഞ വാണിജ്യ മൂല്യവും ഉയർന്ന ലഭ്യതയുമുള്ള തവിട് ജൈവ സംയുക്ത പാക്കേജിങ് ഉത്‌പന്നങ്ങളിൽ ഫില്ലറായി ഉപയോഗിക്കാം. സെല്ലുലോസിന്‍റെ ഏറ്റവും ലഭ്യമായ ഉറവിടമായും തവിട് കണക്കാക്കപ്പെടുന്നുവെന്ന് ഗവേഷകരിൽ ഒരാളായ ഷീബ മാലിക് പറയുന്നു. തവിടിൽ നിന്ന് സെല്ലുലോസ് വേർതിരിച്ചെടുത്ത് പോളിലാക്റ്റിക് ആസിഡുമായി ഈ സെല്ലുലോസ് ചേർത്താണ് ഗവേഷകർ ഈ പാക്കേജിങ് ഷീറ്റുകൾ വികസിപ്പിച്ചെടുത്തത്.
ആന്‍റി ഓക്‌സിഡന്‍റും ആന്‍റി മൈക്രോബയൽ ഗുണങ്ങളുമുള്ള ടീ സീഡ് ഓയിലും ഷീറ്റില്‍ അവർ ചേർത്തിട്ടുണ്ട്. പോളിലാക്റ്റിക് ആസിഡിൽ പൂർണമായും ലയിക്കാൻ വേണ്ടി സെല്ലുലോസിനെ രാസപ്രവർത്തനത്തിന് വിധേയമാക്കി. പോളിലാക്റ്റിക് ആസിഡ് പൂർണമായും അലിയുന്നതുവരെ ക്ലോറോഫോമിൽ ലയിപ്പിച്ചു. ശേഷം തവിടിൽ നിന്നും ടീ സീഡിൽ നിന്നും വേർതിരിച്ചെടുത്ത സെല്ലുലോസ് നിശ്ചിത അനുപാതത്തിൽ കലർത്തി ലായനി ഉണ്ടാക്കുന്നു.
ഈ ലായനി ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് രാത്രി മുഴുവൻ ഊഷ്‌മാവിൽ ഉണങ്ങാൻ വയ്‌ക്കുന്നു. പാത്രത്തിൽ നിന്ന് ഷീറ്റ് നീക്കം ചെയ്യുന്നതിന് മുൻപ് ഓവനിൽ 40 ഡിഗ്രി താപനിലയിൽ വയ്ക്കുന്നു. ഈ രീതിയിലാണ് ബയോഡീഗ്രേഡബിൾ ഷീറ്റ് നിർമിക്കുന്നത്.