ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയില്‍ തുടരുന്നു. എന്നാല്‍ രണ്ട് ദിവസം മുന്‍പത്തെ അപേക്ഷിച്ച് വായു മലിനീകരണ തോതില്‍ കുറവുണ്ടെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. കാറ്റിന്‍റെ ദിശയിലുണ്ടായ വ്യത്യാസമാണ് മലിനീകരണം കുറയാന്‍ കാരണം. രാവിലെ 9 മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 315ലെത്തി.
ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശം അവസ്ഥയില്‍ തുടരുന്നു
രണ്ട് ദിവസം മുന്‍പത്തെ അപേക്ഷിച്ച് വായു മലിനീകരണ തോതില്‍ കുറവുണ്ടെന്ന് വിദഗ്‌ധര്‍ വ്യക്തമാക്കി.
ബുധനാഴ്‌ച 344, ചൊവ്വാഴ്‌ച 476 എന്നിങ്ങനെയായിരുന്നു ഡല്‍ഹിയിലെ എക്യുഐ തോത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കു പ്രകാരം നവംബര്‍ 4 മുതല്‍ 9വരെ ഡല്‍ഹിയിലെ വായു മലിനീകരണം അപകടകരമായ നിലയിലായിരുന്നു. ഫരീദാബാദ് (306), ഗാസിയാബാദ് (336), നോയിഡ(291), ഗ്രൈറ്റര്‍ നോയിഡ(332), ഗുര്‍ഗോണ്‍(261) എന്നിങ്ങനെയാണ് ഡല്‍ഹിയുടെ അയല്‍പ്രദേശങ്ങളിലെ എക്യുഐ തോത്.
കാറ്റിന്‍റെ ദിശ മാറിയത് മൂലം പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിയിടങ്ങളില്‍ തീയിടുന്നത് മൂലമുള്ള പുക മലിനീകരണം കുറവാണെന്ന് വിദഗ്‌ധര്‍ പറഞ്ഞു. നവംബര്‍ 17 വരെ ഡല്‍ഹിയിലെ ഹോട്ട് മിക്‌സ് പ്ലാന്‍റുകളുടെയും സ്റ്റോണ്‍ ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. കൃഷിയിടങ്ങളിലെ കച്ചി കത്തിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചാബിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.