ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രണ വിധേയമായില്ലെങ്കില്‍ മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധര്‍. വായു മലിനീകരണം കൊവിഡിലേയ്ക്കും ഗുരുതരമായ മറ്റ് ശ്വാസകോശ രോഗങ്ങളിലേയ്ക്കും നയിച്ചേക്കാമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
വായു മലിനീകരണം കൊവിഡ് രോഗികളെ ഗുരുതരമായി ബാധിയ്ക്കുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ആസ്‌തമയോ മറ്റ് ശ്വാസകോശ അസുഖങ്ങളോ ഉള്ളവരിലും മലിനീകരണം വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിയ്ക്കും.
മലിനമായ അന്തരീഷത്തില്‍ വൈറസ് കൂടുതല്‍ നേരം തങ്ങി നില്‍ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ വൈറസ് വായുവിലൂടെ പകരുന്ന രോഗമായി മാറാനുള്ള സാധ്യതയുണ്ട്. മലിനീകരണം മൂലം ശ്വാസകോശത്തില്‍ വീക്കമുണ്ടാകുന്നു. ഇത് ശ്വാസകോശത്തിന് തകരാറുണ്ടാക്കും.
നിലവിലെ സാഹചര്യത്തെ നേരിടാന്‍ മാസ്‌ക് ധരിയ്ക്കുകയെന്നത് മാത്രമാണ് ഏക പോംവഴി. 'മാസ്‌ക് ധരിയ്ക്കുക, ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള സ്ഥലത്ത് പോകുന്നത് ഒഴിവാക്കുക' ഗുലേറിയ പറഞ്ഞു. മാസ്‌ക് ധരിയ്ക്കുന്നത് കൊണ്ട് ഒരേ സമയം രണ്ട് ഗുണമാണുള്ളത്. മലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടാം, അതിനൊപ്പം കൊവിഡില്‍ നിന്നും പ്രതിരോധം ലഭിയ്ക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ഡല്‍ഹിയ്‌ക്ക് ശ്വാസംമുട്ടുന്നു; വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ