അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെയും, പ്രധാന നേതാക്കളെയും 'എയറിൽ' കയറ്റി സോഷ്യൽ മീഡിയ. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി പല പ്രമുഖ നേതാക്കളും ട്രോളുകളിൽ നിറഞ്ഞു.
ഇക്കൂട്ടത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത് രാഹുൽ ഗാന്ധിക്കാണ്. ബിജെപിയുടെ വൻ വിജയത്തിന് രാഹുലിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. പഞ്ചാബിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ നവജ്യോത് സിങ് സിദ്ദുവാണ് രാഹുലിന് കൂട്ടായി ട്രോൾ ഏറ്റുവാങ്ങുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത്.
യാത്രക്കാരനായ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. മിസ്റ്റർ രാഹുൽ ഗാന്ധി, ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള തായ് എയർവേയ്‌സിന്‍റെ ടിജി 316 വിമാനം ഇപ്പോൾ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്. സുരക്ഷാപരിശോധന പാസാകാനും ഗ്രൗണ്ട് സ്റ്റാഫിനെ ഉടൻ ബന്ധപ്പെടാനും നിങ്ങളോട് അഭ്യർഥിക്കുന്നു. ഇത് അവസാനതെ കോളാണ്. അവസാന കോൾ' കോളമിസ്റ്റും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥൻ ട്വീറ്റ് ചെയ്‌തു.
സന്ദേശം വ്യക്‌തവും ദൃഢവുമാണ്. ഗാന്ധി കുടുംബത്തെ ഒഴിവാക്കി പുതിയ തുടക്കം ആരംഭിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് പാർട്ടിയുടെ അവസാനമായിരിക്കും അത്, ചലച്ചിത്ര നിർമ്മാതാവ് മനീഷ് മുന്ദ്ര ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ 270 സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. സമാജ്‌വാദി പാർട്ടി 128 സീറ്റുകൾ നേടിയപ്പോൾ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് തങ്ങളുടെ ശക്‌തമായ കോട്ടകളിൽ പോലും തകർന്നടിയുകയായിരുന്നു.