ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ (Poll Dates Declared In Five States). രാജസ്ഥാനില്‍ നവംബര്‍ 23, മധ്യപ്രദേശ് നവംബര്‍ 17, തെലങ്കാന നവംബര്‍ 30, മിസോറാം നവംബര്‍ ഏഴ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്‌ഗഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും, 17നും ആണ് വോട്ടെടുപ്പ് (Assembly elections 2023).
ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 16.14 കോടി വോട്ടര്‍മാര്‍ ആണ് ഉള്ളത്. 7.8 കോടി വനിത വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരും ഉണ്ട്. 60.2 ലക്ഷം കന്നി വോട്ടര്‍മാരാണ് ഈ സംസ്ഥാനങ്ങളില്‍ ഇത്തവണ സമ്മതിദാനം രേഖപ്പെടുത്തുന്നത്. 1.77 ലക്ഷം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്.
1.01 സ്റ്റേഷനുകളില്‍ വെബ്‌കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംഭാവനകളുടെ വിവരങ്ങളും വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലൂടെ...:രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 108 സീറ്റുള്ള കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. അശോക് ഗെലോട്ട് സര്‍ക്കാരിന് 13 സ്വതന്ത്രരും ഒരു ആര്‍ എല്‍ ഡി അംഗവും പിന്തുണ നല്‍കുന്നുണ്ട്. 70 സീറ്റ് നേടിയ ബിജെപിയാണ് മുഖ്യ പ്രതിപക്ഷം. മറ്റ് പാർട്ടികളുടെ കൈവശം 21 സീറ്റുകളുമുണ്ട്.