ചണ്ഡീഗഢ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മുന്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ആം ആദ്‌മി പാര്‍ട്ടി രാഷ്‌ട്രീയമായി പക പോക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ, ബിജെപി നേതാവ് കുമാര്‍ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഇരു നേതാക്കള്‍ക്കുമെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. ആം ആദ്‌മി പ്രവർത്തകന്‍റെ പരാതിയെ തുടർന്നാണ് പഞ്ചാബിലെ റോപ്പര്‍ സദർ പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഏപ്രിൽ 26ന് രാവിലെ 10ന് അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകാൻ കുമാർ വിശ്വാസിനോടും അൽക്ക ലാംബയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
'ഭഗവന്ത് മാന്‍ കെജ്‌രിവാളിന്‍റെ കളിപ്പാവ': ഇരു നേതാക്കള്‍ക്കുമെതിരെ കേസെടുത്തതിന് പിന്നാലെ പഞ്ചാബ് പൊലീസിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പഞ്ചാബിന്‍റെ ഭരണകാര്യങ്ങളില്‍ കെജ്‌രിവാള്‍ ഇടപെടുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്‌രിവാളിന്‍റെ കളിപ്പാവയായി മാറിയെന്നും പ്രതിപക്ഷം ആരോപിയ്ക്കുന്നു. കെജ്‌രിവാളിനെതിരെ കുമാര്‍ വിശ്വാസ് നടത്തിയ പ്രസ്‌താവനയില്‍ പഞ്ചാബ് സർക്കാർ എന്തിനാണ് പഞ്ചാബ് പൊലീസിനെ വലിച്ചിഴയ്ക്കുന്നതെന്നും പ്രതിപക്ഷം ചോദിയ്ക്കുന്നു. സംഭവത്തില്‍ അൽക്ക ലാംബയ്ക്കും കുമാർ വിശ്വാസിനും പഞ്ചാബ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുവര്‍ക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജയും പ്രതിപക്ഷ നേതാവ് പാര്‍തപ് സിങ് ബജ്‌വയും ഡിജിപിക്ക് കത്തയച്ചു. ഏപ്രിൽ 26ന് കുമാർ വിശ്വാസിനെയും അൽക്ക ലാംബയെയും നേരില്‍ കാണുമെന്ന് മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു അറിയിച്ചിട്ടുണ്ട്. ഇരു നേതാക്കള്‍ക്കുമെതിരെയുള്ള കേസുകൾ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പഞ്ചാബ് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്.
കേസ് രാഷ്‌ട്രീയ പ്രേരിതം: ഇതിനിടെ, സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ മൊഹാലിയിൽ നിന്നുള്ള രണ്ട് ബിജെപി പ്രവർത്തകർക്കും ഡൽഹിയിൽ നിന്നുള്ള ഒരു ബിജെപി പ്രവര്‍ത്തകനുമെതിരെ ആം ആദ്‌മി സർക്കാർ കള്ളക്കേസ് രജിസ്റ്റർ ചെയ്‌തുവെന്ന് പഞ്ചാബ് ബിജെപി ജനറൽ സെക്രട്ടറി ജീവൻ ഗുപ്‌തയും ആരോപണം ഉന്നയിച്ചു. എന്നാല്‍ കുമാര്‍ വിശ്വാസിനും അല്‍ക്ക ലാംബയ്ക്കുമെതിരെ കേസെടുത്ത സംഭവത്തില്‍ ബിജെപി നേതാവിന് വേണ്ടി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു ആം ആദ്‌മി പാർട്ടി വക്താവ് ബൽവീന്ദർ സിങ് കാങിന്‍റെ പ്രതികരണം.
'ബിജെപി നേതാവ് കുമാർ വിശ്വാസിന്‍റെ രക്ഷക്കായി കോണ്‍ഗ്രസുകാര്‍ എത്തിയത് ആശ്ചര്യപ്പെടുത്തി. അല്ലെങ്കിലും ബിജെപി നേതാക്കളെ കോണ്‍ഗ്രസുകാര്‍ വളരെയധികം സ്നേഹിക്കുന്നു,' ബൽവീന്ദർ സിങ് കാങ് ട്വീറ്റ് ചെയ്‌തു.
അതേസമയം, എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത രീതി തന്നെ ഞെട്ടലുണ്ടാക്കിയെന്ന് നിയമവിദഗ്‌ധനും ചണ്ഡീഗഢ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ചേതൻ മിത്തൽ പറഞ്ഞു. പരസ്‌പര തര്‍ക്കങ്ങള്‍ക്കോ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിനോ ബാധകമാകുന്ന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. സമാന കേസ് അടുത്തിടെ ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെന്നും ചേതൻ മിത്തൽ പറഞ്ഞു.
അൽക്ക ലാംബയ്ക്കും കുമാർ വിശ്വാസിനുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രകടമാകുന്നത്. സാങ്കേതികമായും നിയമപരമായും മാനനഷ്‌ടക്കേസ് മാത്രമാണെന്നാണ് കേസ് കൈകാര്യം ചെയ്യുന്ന രീതി വ്യക്തമാക്കുന്നതെന്നും ചേതൻ മിത്തൽ പറഞ്ഞു.