കേരളം

kerala

ETV Bharat / bharat

ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ്‌ രാജും - പ്രകാശ്‌ രാജ് ടിആർഎസിലേക്ക്

അടുത്ത വർഷം തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശാന്ത് കിഷോറുമായി കെസിആർ നടത്തിയ ചർച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാൻ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ സർവേ നടത്താനും കെസിആർ ആവശ്യപ്പെട്ടതായാണ് സൂചന.

political-strategist-prashant-kishore-met-telengana cm-chandrasehkar rao-Prakashraj
ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ്‌ രാജും

By

Published : Feb 28, 2022, 6:07 PM IST

ഹൈദരാബാദ്: ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ കൂടിക്കാഴ്‌ചകൾ തുടരുന്നു. ഏറ്റവുമൊടുവില്‍ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടിക്കാഴ്‌ച എട്ട് മണിക്കൂറോളം നീണ്ടുനിന്നു. തെലങ്കാനയിലെ മേധക് ജില്ലയില്‍ കെസിആറിന്‍റെ ഫാംഹൗസായ എറവെല്ലിയിലാണ് കൂടിക്കാഴ്‌ച നടന്നത്.

അടുത്ത വർഷം തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശാന്ത് കിഷോറുമായി കെസിആർ നടത്തിയ ചർച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തെലങ്കാനയില്‍ ബിജെപി കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കെസിആർ പ്രശാന്ത് കിഷോറിന്‍റെ സേവനം തെലങ്കാന രാഷ്ട്രസമിതിക്ക് വേണ്ടി ആവശ്യപ്പെട്ടാലും അത്‌ഭുതപ്പെടാനില്ല. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഹൈദരാബാദ് മെട്രോപൊളിറ്റൻ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി നടത്തിയ മുന്നേറ്റം ഏറ്റവുമധികം നഷ്‌ടമുണ്ടാക്കിയത് ടിആർഎസിനാണ്.

ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ്‌ രാജും

ഈ സാഹചര്യത്തില്‍ തെലങ്കാനയില്‍ കൂടുതല്‍ ജനകീയ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ പ്രശാന്ത് കിഷോറിനോട് കെസിആർ ചോദിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യവും പ്രശാന്ത് കിഷോർ ചന്ദ്രശേഖര റാവുവിനോട് വിശദീകരിച്ചിട്ടുണ്ട്. തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാൻ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ സർവേ നടത്താനും കെസിആർ ആവശ്യപ്പെട്ടതായാണ് സൂചന.

ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ്‌ രാജും

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായും കെസിആർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനു മുൻപ് മമത ബാനർജിയുമായി ചന്ദ്രശേഖര റാവു നടത്തിയ കൂടിക്കാഴ്‌ചയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ബിജെപിക്ക് എതിരായ മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായാണ് തെലങ്കാന മുഖ്യമന്ത്രി രാജ്യത്തെ പ്രാദേശിക പാർട്ടി നേതാക്കൻമാരെ നേരിട്ട് കണ്ട് സഖ്യ ചർച്ചകൾ നടത്തുന്നതെന്നാണ് അന്ന് വാർത്തകൾ പുറത്തുവന്നത്. മകൻ കെടി രാമറാവുവിന് സംസ്ഥാനത്തിന്‍റെ ഭരണച്ചുമതല നല്‍കി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാൻ കെസിആർ തയ്യാറെടുക്കുകയാണെന്ന രീതിയില്‍ കെസിആറിന്‍റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയിലും ചർച്ചകൾ സജീവമാണ്.

കഴിഞ്ഞ ശനിയാഴ്‌ചയാണ് (26.02.22) പ്രശാന്ത് കിഷോർ തെലങ്കാനയിലെത്തിയത്. അതിനൊപ്പം നടൻ പ്രകാശ്‌ രാജുമായും കെസിആർ കൂടിക്കാഴ്‌ച നടത്തി. കെസിആർ ശരദ്‌ പവാറുമായി കൂടിക്കാഴ്‌ച നടത്തുമ്പോഴും പ്രകാശ് രാജ് ഒപ്പമുണ്ടായിരുന്നു. കെസിആറിന്‍റെ പ്രധാന വികസന പദ്ധതികൾ ഉൾപ്പെടുന്ന ഗജ്‌വേല്‍, മല്ലണ്ണസാഗർ, പൊച്ചമ്മസാഗർ എന്നിവിടങ്ങളില്‍ സന്ദർശനം നടത്താനും പ്രകാശ്‌ രാജിന് തെലങ്കാന മുഖ്യമന്ത്രി നിർദ്ദേശം നല്‍കി. പ്രശാന്ത് കിഷോറിനോടും ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ കെസിആർ പറഞ്ഞിരുന്നു. പ്രകാശ്‌രാജ് മല്ലണ്ണ സാഗറിലും പൊച്ചമ്മ സാഗറിലും സന്ദർശനം നടത്തുമ്പോൾ പ്രശാന്ത് കിഷോറും ഒപ്പമുണ്ടായിരുന്നതിന്‍റെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ടിആർഎസ് ടിക്കറ്റില്‍ പ്രകാശ്‌ രാജ് മത്സരിച്ചേക്കും

ശക്തമായ ബിജെപി വിരുദ്ധ നിലപാടുകളുമായി നേരത്തെ തന്നെ പ്രകാശ്‌രാജ് രാഷ്ട്രീയത്തില്‍ സജീവമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രകാശ്‌ രാജ് സ്വതന്ത്ര സ്ഥാനാർഥിയായി ബംഗളൂരുവില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അഭിനയ രംഗത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയനായ പ്രകാശ്‌ രാജിന് ദക്ഷിണേന്ത്യയില്‍ മലയാളം, തമിഴ്‌, കന്നഡ, തെലുഗു ഭാഷകളില്‍ വലിയ ആരാധക വൃന്ദവുമുണ്ട്. അത് കണക്കിലെടുത്ത് പ്രകാശ്‌ രാജിനെ ടിആർഎസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ABOUT THE AUTHOR

...view details