റാഞ്ചി: പബ്‌ജി ഗെയിമിനിടെയുള്ള സൗഹൃദം പ്രണയത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ യുവാവിനെ തേടി പാകിസ്ഥാന്‍ യുവതി എത്തിയ വാര്‍ത്തയ്‌ക്ക് പിന്നാലെയാണിപ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും ഒടുക്കം അത് പ്രണയത്തിലെത്തുകയും ചെയ്‌ത ഒരു അപൂര്‍വ പ്രണയ കഥയാണിത്. പോളണ്ടില്‍ നിന്നുള്ള 49 കാരിയായ പോളക് ബാര്‍ബറയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ 35 കാരന്‍ മുഹമ്മദ് ഷദാബ് മാലിക്കിനെ തേടിയെത്തിയത്.
ആറു വയസുകാരിയായ തന്‍റെ മകള്‍ക്കൊപ്പമാണ് പോളക് ജാര്‍ഖണ്ഡിലെത്തിയത്. പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് പറയുന്നത് അര്‍ഥവത്താകുന്ന സന്ദര്‍ഭം. 2021ലാണ് മാലിക് പോളക്കിനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. തുടര്‍ച്ചയായ ചാറ്റിങ്ങിലൂടെ വേഗത്തില്‍ ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെ താന്‍ ജാര്‍ഖണ്ഡിലേക്ക് വരികയാണെന്ന് പോളക് പറഞ്ഞു. തന്‍റെ പ്രണയിനിയെ ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചിരുന്ന മാലിക്കിന് അതില്‍ എതിരൊന്നും പറയാന്‍ കഴിഞ്ഞില്ല. പിന്നാലെ പ്രിയതമയുടെ വരവിനായി മാലിക്കും കാത്തിരുന്നു.
ഒടുക്കം ടൂറിസ്റ്റ് വിസയില്‍ ജാര്‍ഖണ്ഡിലെത്തിയ പോളക്കും മകളും ആദ്യം തലസ്ഥാന നഗരിയായ റാഞ്ചിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അതിന് ശേഷമാണ് ഹസാരിബാഗിലെ മാലിക്കിന്‍റെ വീട്ടിലെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി പോളക്ക് മാലിക്കിന്‍റെ വീട്ടിലാണ് താമസിക്കുന്നത്.
വിദേശിയായ പോളക് ഗ്രാമ പ്രദേശമായ ഹസാരിബാഗിലെത്തിയതില്‍ നാട്ടുകാരും അത്‌ഭുതപ്പെട്ടു. മാലിക്കുമായുള്ള കടുത്ത പ്രണയമാണ് തന്നെ കിലോമീറ്ററുകള്‍ ഏറെ താണ്ടി ഇന്ത്യയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് പോളക് പറഞ്ഞു. ഇന്ത്യ വളരെ മനോഹരമാണ്. ഇവിടെയുള്ള ജനങ്ങള്‍ ദയയുള്ളവരാണ്. എന്നാല്‍ ഇന്ത്യയിലെ ചൂട് തനിക്ക് താങ്ങാനാകുന്നില്ലെന്ന് പോളക് പറഞ്ഞു.
എസിയും ടിവിയും ഒരുക്കി കാമുകന്‍റെ കരുതല്‍:പോളക് ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ പോളക്കിന് ഇവിടുത്തെ ചൂട് താങ്ങാനാകില്ലെന്ന് മുന്‍കൂട്ടി മനസിലാക്കിയ മാലിക്ക് ഹസാരിബാഗിലെ തന്‍റെ കൊച്ചുവീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചിരുന്നു. എസിയ്‌ക്ക് പുറമെ കളര്‍ ടിവിയും കാമുകിക്കായി മാലിക് വീട്ടില്‍ കരുതി.
മാലിക്കിന്‍റെ വീട്ടില്‍ പശുക്കളും മറ്റ് കന്നുകാലികളുമെല്ലാമുണ്ട്. അവയ്‌ക്ക് തീറ്റ നല്‍കുന്നതിലും വൃത്തിയാക്കുന്നതിലുമെല്ലാം പോളക്കും സഹായിക്കുന്നുണ്ട്. പോളക്കിനെ കാണാന്‍ ദിവസം തോറും നിരവധി പോരാണ് മാലിക്കിന്‍റെ വീട്ടിലെത്തുന്നത്.
പൊലീസെത്തി വിവരം തെരക്കി:ഗ്രാമത്തില്‍ വിദേശ വനിത എത്തിയിട്ടുണ്ടെന്ന് ഹസാരിബാഗ് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഡിഎസ്‌പി രാജീവ് കുമാര്‍ സ്ഥലത്തെത്തി. എന്നാല്‍ പോളക്കുമായി സംസാരിച്ച് കാര്യങ്ങള്‍ വ്യക്തമായതോടെ ഡിഎസ്‌പി തിരികെ പോയി. 'ഞാന്‍ പോളക്കുമായി സംസാരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ പോളണ്ടിലേക്ക് മടങ്ങുമെന്ന് അവര്‍ പറഞ്ഞു. തിരിച്ച് മടങ്ങുമ്പോള്‍ പോളക് മാലിക്കിനെ കൊണ്ടു പോകുമെന്നും അതിനുള്ള വിസയ്‌ക്കായി ശ്രമിക്കുന്നുണ്ടെന്നും പോളക് പറഞ്ഞുവെന്ന്' -ഡിഎസ്‌പി രാജീവ് കുമാര്‍ പറഞ്ഞു.
Also Read:കനേഡിയന്‍ എംപിയ്‌ക്ക് ഇന്ത്യന്‍ മരുമകള്‍ ; ശീതളിന്‍റെയും സിയന്‍റെയും പ്രണയം പൂത്തുലഞ്ഞത് ഇങ്ങനെ