ന്യൂഡൽഹി:കേന്ദ്ര സർക്കാർ കൊവിഡിനെതിരെ വിജയം നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡിനോട് പരാജയപ്പെട്ടെന്ന് സർക്കാർ സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പണം വാങ്ങി വാക്‌സിൻ നിർമാതാക്കൾക്ക് നൽകിയശേഷം വീണ്ടും ജനങ്ങളുടെ കയ്യിൽ നിന്നും വാക്‌സിനായി ഉയർന്ന തുക വാങ്ങുന്നതിനെതിരെയും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വന്തം സുഹൃത്തുക്കൾക്കു വേണ്ടി ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുന്നത് പ്രധാനമന്ത്രി മതിയാക്കണമെന്നും രാഹുൽ പറഞ്ഞു.
കൊവിഡിനോട് കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി
സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ 34,13,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്
കൊവിഡിനെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ജനങ്ങളിലേക്ക് കേന്ദ്രം എത്തിക്കുന്നില്ലെന്ന് ഇതിന് മുമ്പ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും വസ്‌തുതകളും നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്ത് 3,68,147 പുതിയ കൊവിഡ് കേസുകളും 3,417 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കേസുകളുടെ ആകെ എണ്ണം 1,99,25,604 ആയി ഉയർന്നു. മെയ് ഒന്നിന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നത് നാല് ലക്ഷത്തിലധികം കേസുകളായിരുന്നുവെങ്കിലും ഇന്നലെ 3,92,488 കേസുകളായി കുറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ 34,13,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.