പട്‌ന : ബിഹാറിലെ അലൗലി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ റൈഫിളുകളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് എസ്‌ഡിപിഒ സുമിത് കുമാര്‍ പറഞ്ഞു. മൂന്ന് റൈഫിളുകളും വെടിയുണ്ടകളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ റൈഫിളുകളും ബുള്ളറ്റുകളും കവര്‍ന്നു ; അന്വേഷണം ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസ്
പൊലീസ് ഉദ്യോഗസ്ഥരുടെ റൈഫിളുകള്‍ മോഷ്‌ടിച്ച കേസില്‍ അന്വേഷണം കടുപ്പിച്ച് അലൗലി പൊലീസ്. മൂന്ന് റൈഫിളുകളും 90 ബുള്ളറ്റുകളുമാണ് മോഷണം പോയത്.
ചൊവ്വാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. നരേന്ദ്രകുമാർ, ജോഗി സിങ്, അഖിൽ സിങ്, ശശി എന്നീ നാല് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്‌ച രാത്രി സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതില്‍ നരേന്ദ്രൻ, ജോഗി, അഖിൽ എന്നീ മൂന്ന് ഉദ്യോഗസ്ഥരുടെ റൈഫിളുകളും 90 വെടിയുണ്ടകളുമാണ് നഷ്‌ടമായത്. ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതിനിടെയാണ് സംഭവം.
രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് റൈഫിളുകള്‍ മോഷണം പോയ കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. വിഷയത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥരെയും മേലധികാരികള്‍ ചോദ്യം ചെയ്‌തു.