ന്യൂഡൽഹി : വനിത കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ (Policeman Arrested For Killing Colleague). 2021 സെപ്റ്റംബർ 8നാണ് യുവതിയെ മേലുദ്യോഗസ്ഥനായ സുരേന്ദ്ര കൊലപ്പെടുത്തുന്നത്. ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്ര, ഇയാളുടെ ഭാര്യാസഹോദരൻ രവിൻ, സുഹൃത്ത് രാജ്‌പാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. (Woman constable was murdered by senior colleague)
വിവാഹിതനായ സുരേന്ദ്ര അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ, തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി സുരേന്ദ്രയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളിയെന്ന് സുരേന്ദ്ര പൊലീസിന് മൊഴി നൽകി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ അസ്ഥികൂടം അഴുക്കുചാലിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇത് ഫൊറൻസിക് അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. വനിത കോൺസ്റ്റബിളിന്‍റെ അമ്മയുടെ ഡിഎൻഎ പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കൃത്യം നടത്തി 2 വർഷത്തിനിപ്പുറം പ്രതി പിടിയിൽ :2012ലാണ് സുരേന്ദ്ര ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് സ്പെഷ്യൽ കമ്മിഷണർ ആർ എസ് യാദവ് പറഞ്ഞു. ഭാര്യയ്ക്കും 12 വയസുള്ള കുട്ടിക്കും ഒപ്പം അലിപൂരിലാണ് സുരേന്ദ്ര താമസിക്കുന്നത്. 2019ലാണ് ഇയാൾ വനിത കോൺസ്റ്റബിളുമായി അടുപ്പത്തിലാകുന്നത്.
അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് സുരേന്ദ്ര യുവതിയുമായി സൗഹൃദത്തിലായി. ഇതിനിടെ ഇയാൾ വിവാഹിതനാണെന്നും തന്നെ വഞ്ചിക്കുകയാണെന്നും പെൺകുട്ടി മനസിലാക്കി. തുടർന്ന് ഇയാളുടെ വീട്ടുകാരോട് വിവരം പറയുമെന്ന് യുവതി സുരേന്ദ്രയെ ഭീഷണിപ്പെടുത്തി. എന്നാല്‍ 2021 സെപ്റ്റംബർ 8ന് ഇയാൾ യുവതിയെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുപോയി. തന്‍റെ സ്വദേശമായ അലിപൂരിലെ ഗ്രാമത്തിലേക്ക് പോകാം എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ കൂട്ടിയത്.