ന്യൂഡൽഹി:കേന്ദ്രം പാസാക്കിയ പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ഇന്ന് (ജൂലൈ 22) ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. കർഷകരുടെ മാർച്ചിനെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിനു പുറമേ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
also read:പ്രതിഷേധങ്ങൾ വേണ്ട ; പാർട്ടി അമ്മയെപ്പോലെ :ബി.എസ് യെദ്യൂരപ്പ
ഡൽഹിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ചിട്ടുള്ള കർഷകർ ഇന്ന് രാവിലെ (ജൂലൈ 22) പാർലമെന്റിനു സമീപമുള്ള ജന്തർ മന്തറിലെത്തും. പാർലമെന്‍റ് സമ്മേളനം തീരുന്ന ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും 200 വീതം കർഷകർ പാർലമെന്‍റിലേക്ക് പ്രകടനം നടത്തും. പാർലമെന്റിനു മുന്നിൽ ‘കർഷക പാർലമെന്‍റ്' സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കൾ അറിയിച്ചു.
പ്രക്ഷോഭത്തിനു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി. സംഘർഷം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു കർഷകർക്കു സംഘടനാ നേതാക്കൾ നിർദേശം നൽകി. പുറമേ നിന്നുള്ളവർ നുഴഞ്ഞു കയറാതിരിക്കാൻ ഓരോ കർഷകനും ഫോട്ടോ പതിച്ച ബാഡ്ജ് അണിയും.