ജെഹാനാബാദ് (ബിഹാർ) :പൊലീസിന്‍റെ വാഹന പരിശോധനയ്‌ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവിനെ പിന്തുടർന്ന് വെടിവച്ച് വീഴ്‌ത്തി എഎസ്‌ഐ. ബിഹാറിലെ ജെഹാനാബാദിൽ ചൊവ്വാഴ്‌ചയാണ് സംഭവം. സുധീർ (23) എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ വെടിയുതിർത്ത എഎസ്‌ഐ മുംതാസ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച അനന്തപൂർ ഗ്രാമത്തിന് സമീപം പൊലീസിന്‍റെ ഹെൽമെറ്റ് പരിശോധനയ്‌ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. നളന്ദ ജില്ലയിലെ കോർത്തു ഗ്രാമത്തിലെ താമസക്കാരനാണ് വെടിയേറ്റ സുധീർ. ബിരുദ വിദ്യാർഥിയായ ഇയാൾ സംഭവ ദിവസം ലൈസൻസോ ഹെൽമെറ്റോ ഇല്ലാതെ ബൈക്കിൽ വരികയായിരുന്നു. ഇതിനിടെയാണ് അനന്തപൂരിൽ പൊലീസിന്‍റെ പരിശോധനാ സംഘത്തെ ഇയാൾ കാണുന്നത്.
ഹെൽമെറ്റ് ഇല്ലാത്തതിനാൽ പൊലീസ് കൈ കാണിച്ചെങ്കിലും സുധീർ ബൈക്ക് നിർത്താതെ ഒടിച്ച് പോവുകയായിരുന്നു. എന്നാൽ പൊലീസ് വാഹനവുമായി ഇയാളുടെ പിന്നാലെ പോയി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നിർത്താൻ കൂട്ടാക്കാതെ വന്നതോടെ എഎസ്‌ഐ മുംതാസ് അഹമ്മദ് സുധീറിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു.
സുധീറിന്‍റെ അരയിലാണ് വെടിയേറ്റത്. വെടിയേറ്റിട്ടും സുധീർ ബൈക്ക് നിർത്താതെ ഒരു കിലോമീറ്ററോളം ഓടിച്ച് പോയി. ഒടുവിൽ തന്‍റെ ഗ്രാമത്തിനടുത്ത് ഇയാൾ വീഴുകയായിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ ചേർന്ന് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ യുവാവിന് വെടിയേറ്റെന്ന് മനസിലായതോടെ പൊലീസ് അവിടെ നിന്ന് രക്ഷപ്പെട്ടു.
അതേസമയം എസ്എച്ച്ഒ ചന്ദ്രഹാസ് കുമാറിനെതിരെയും യുവാവിന്‍റെ പിതാവ് രബീന്ദ്ര യാദവ് ആരോപണം ഉന്നയിച്ചു. മുംതാസ് അഹമ്മദും ചന്ദ്രഹാസ് കുമാറും ചേർന്നാണ് തന്‍റെ മകന് നേരെ വെടിയുതിർത്തതെന്നും എന്നാൽ മുംതാസ് അഹമ്മദിനെ മാത്രമേ പൊലീസ് പിടികൂടിയിട്ടുള്ളൂ എന്നുമാണ് ഇയാളുടെ ആരോപണം.
അതേസമയം വെടിയേറ്റ സുധീറിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. ശരീരത്തിൽ നിന്ന് ബുള്ളറ്റ് നീക്കം ചെയ്‌തുവെങ്കിലും അടുത്ത 72 മണിക്കൂർ ഏറെ നിർണായകമാണെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. പ്രതിയായ എഎസ്‌ഐ മുംതാസ് അഹമ്മദിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
അതേസമയം വാഹന പരിശോധന സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും ജഹാനാബാദ് എസ്‌പി ദീപക് രഞ്ജൻ സസ്പെൻഡ് ചെയ്‌തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്‌പി അറിയിച്ചു.