ജഹാനാബാദ് (ബിഹാര്‍):ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസിന്‍റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. സംഭവത്തില്‍ മൈമ കോർത്തു ഗ്രാമ നിവാസിയായ സുധീർ കുമാർ (20) ആണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ മരിച്ചത്. മാർച്ച് 28 ന് ജഹാനാബാദിലെ ഓക്രി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അനന്തപൂർ ഗ്രാമത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം.
സംഭവം ഇങ്ങനെ :ബന്ധുഗഞ്ച് മാർക്കറ്റിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സുധീർ കുമാർ. വഴിയരികില്‍ പൊലീസിന്‍റെ വാഹനപരിശോധന കണ്ടതോടെ, ഹെൽമെറ്റ് ധരിക്കാതിരുന്ന സുധീർ പരിഭ്രാന്തിയിലായി. തുടര്‍ന്ന് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സുധീര്‍ വാഹനം വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. ഈ സമയത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ മുംതാസ് ആലം, ഇതുകണ്ടതോടെ സുധീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മരണം ചികിത്സയ്‌ക്കിടെ :വെടിയേറ്റ് സുധീര്‍ റോഡിലേക്ക് വീഴുന്നത് വരെ മുംതാസ് ആലം നിര്‍ത്താതെ നിറയൊഴിച്ചു. ഇയാള്‍ റോഡിലേക്ക് വീണതോടെ സമീപവാസികള്‍ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ സുധീറിന്‍റെ ബന്ധുക്കള്‍ ഇയാളെ ഹില്‍സയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ നിന്നും വിദഗ്‌ധ ചികിത്സയ്‌ക്കായി ഇയാളെ പട്‌നയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയ്‌ക്കിടയിലാണ് സുധീര്‍ മരണത്തിന് കീഴടങ്ങുന്നത്.
പരാതിയുമായി ബന്ധുക്കള്‍ :സുധീറിന്‍റെ മരണത്തോടെ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ഇതിന്‍റെ ഭാഗമായി മുംതാസ് ആലം, ഓക്രി പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ ചന്ദ്രഹാസ് സിങ് എന്നിവരുള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ജഹാനാബാദ് പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ മുംതാസ് ആലം അറസ്‌റ്റിലുമായി.
ട്രാഫിക്കില്‍ പൊലിഞ്ഞ ജീവന്‍ :അടുത്തിടെ ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്നതോടെ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. ജയ്‌പൂരിലെ മാനസരോവര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ന്യൂ സംഗനേര്‍ റോഡിലായിരുന്നു സംഭവം. ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്ന യുവതിയെ പിന്നാലെയെത്തിയ ലോറിയിടിച്ച് 200 അടിയോളം വലിച്ചിഴയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 28 കാരിയായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്‍മുന്നില്‍ മരണം കണ്ടിട്ടും :ന്യൂ സംഗനേര്‍ റോഡില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി സ്‌കൂട്ടിയിലെത്തിയ യുവതിയെ ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തിന്‍റെ നിയന്ത്രണംവിട്ട യുവതിയെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയും റോഡിലൂടെ 200 അടിയോളം വലിച്ചിഴയ്‌ക്കുകയുമായിരുന്നു. എന്നാല്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചില്ലെന്നും കണ്ടുനിന്നവര്‍ ഓടിക്കൂടി ഇവരുമായി ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.