ചെന്നൈ:ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും എന്ന ഉറച്ച പ്രതിജ്ഞയുമായാണ് ഓരോ പൊലീസുകാരനും യൂണിഫോം അണിയാറുള്ളത്. ക്രമസമാധാനപാലനത്തിനാണ് മുന്‍തൂക്കം നല്‍കാറുള്ളതെങ്കിലും ജനങ്ങളുടെ ജീവന്‍ രക്ഷയ്‌ക്കായി കൃത്യസമയത്ത് ഓടിയെത്തി വാര്‍ത്തകളില്‍ നിറഞ്ഞവര്‍ പൊലീസില്‍ ഏറെയുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ ഓള്‍ഡ് പല്ലാവരത്ത് അരങ്ങേറിയത്.
ജീവന് സംരക്ഷണമായി എന്നും പൊലീസ്:സംഭവത്തെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശദീകരിക്കാം. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തായുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായുള്ള സന്ദേശമെത്തുന്നു. ഏഴുമിനിറ്റ് കൊണ്ട് സംഭവസ്ഥലത്തെത്തി പൊലീസ് അവരുടെ ജീവന്‍ രക്ഷിക്കുന്നു. പല്ലാവരത്തെ ജില്ല പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശുഭം നഗറില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായുള്ള സന്ദേശമെത്തുന്നത്.
ഉടന്‍ തന്നെ ഈ വിവരം പല്ലാവരം പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ക്ക് കൈമാറുന്നു. വിവരം കേട്ടയുടനെ സബ് ഇന്‍സ്‌പെക്‌ടര്‍ ഗോപാലും കോണ്‍സ്‌റ്റബിള്‍മാരായ രമേഷ്, ഷെയ്ഖ് മൊഹമ്മദ്, രമേഷ് എന്നിവര്‍ ശുഭം നഗറിലേക്ക് വച്ചുപിടിച്ചു. ഏഴില്‍ താഴെ മിനിറ്റുകൊണ്ട് അവര്‍ സംഭവസ്ഥലത്തെത്തി.
എന്നാല്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മറുത്തൊന്നും ചിന്തിക്കാതെ വാതില്‍ ചവിട്ടിത്തുറന്ന് ഗോപാലും സംഘവും അകത്തുകടന്നു. ഈ സമയം ആത്മഹത്യയ്‌ക്ക് ശ്രമിച്ച 53 കാരി ശ്വാസമെടുക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ ബന്ധുക്കള്‍ നോക്കിനില്‍ക്കെ തന്നെ സബ് ഇന്‍സ്‌പെക്‌ടര്‍ ഗോപാല്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സ്‌ത്രീയുടെ ശ്വാസം നേരെയാക്കുന്നതിനായി സിപിആര്‍ നല്‍കി.
തുടര്‍ന്ന് ചികിത്സാര്‍ഥം ഇവരെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അതേസമയം ഗോപാലും സംഘവും മുറിയ്‌ക്ക് അകത്തേക്ക് കടന്നുചെല്ലുന്നതും ശ്വാസതടസ്സം നേരിട്ട സ്‌ത്രീയെ തലയിണയുടെ സഹായത്തോടെ കിടത്തി സിപിആര്‍ നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തിരുന്നു.
സംഭവം ഇങ്ങനെ:ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച പൊലീസിന്‍റെ നടപടിയെയും അവര്‍ അഭിനന്ദിച്ചു. എന്നാല്‍ പൂട്ടികിടന്ന മുറിയില്‍ നിന്ന് ഒരു സ്‌ത്രീയുടെ ഒച്ച കേട്ട് ഉടൻ തന്നെ കണ്‍ട്രോള്‍ റൂം നമ്പറായ '100' ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നും, ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പാഞ്ഞെത്തുകയായിരുന്നുവെന്നും അയല്‍വാസികള്‍ അറിയിച്ചു.
യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച് പൊലീസ്:ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ 25 കാരന്‍റെ ജീവന്‍ രക്ഷിച്ച് മുംബൈ പൊലീസും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുംബൈയിലെ കുര്‍ള വെസ്‌റ്റിലെ കിസ്‌മത് നഗറില്‍ താമസിക്കുന്ന യുവാവ് നിരന്തരമായി ആത്മഹത്യക്കുള്ള എളുപ്പവഴി ഇന്‍റര്‍നെറ്റില്‍ തേടുന്നതായി യുഎസ്‌എന്‍സിഇ വാഷിങ്‌ടണ്‍ ഇന്‍റര്‍പോളാണ് ന്യൂഡല്‍ഹിയിലെ ഇന്‍റര്‍പോളിനെ അറിയിക്കുന്നത്.
വിവരം ലഭിച്ചതോടെ അതിലെ ഗൗരവം മനസിലാക്കി ന്യൂഡല്‍ഹിയിലെ ഇന്‍റര്‍പോള്‍ വിഭാഗം മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന്‍റെ ഇന്‍റര്‍പോള്‍ സെല്ലിന് വിവരം കൈമാറുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരുടെ നിര്‍ദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അജിത് ഗനാജിയും സംഘവും സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയും കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിപ്പിരിച്ച് പൊലീസ് കൗണ്‍സിലിങിനും വിധേയനാക്കിയിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821