മുംബൈ:ഹിന്ദി സിനിമ, സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ നടന് ഷീസാന് ഖാന് മറ്റൊരു പെണ്‍കുട്ടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ്. ഷീസാന് ഖാനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. ഹര്‍ജി പരിഗണിച്ച് കോടതി ഷീസാന് ഖാന്റെ കസ്റ്റഡി കാലാവധി ഇന്നുവരെ നീട്ടിയിരുന്നു.
തുനിഷ ശര്‍മയെ കൂടാതെ ഷീസാന് ഖാന് മറ്റൊരു പെണ്‍കുട്ടിയുമായും ബന്ധമുണ്ടെന്നും തുനിഷയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലാകുമെന്ന് ഉറപ്പായതോടെ ചാറ്റുകള്‍ നടന് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രണയ ബന്ധം ഒഴിവാക്കിയതിന് പിന്നാലെ തുനിഷയെ ഷീസാന് ഖാന് അവഗണിച്ചിരുന്നതായി തെളിയിക്കുന്ന ചില പ്രധാന ചാറ്റുകള്‍ നടന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുനിഷ ഷീസാന് നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നെങ്കിലും മറുപടി നല്‍കാതെ നടന് അവഗണിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഷീസാന് ഖാനെതിരെ തുനിഷയുടെ അമ്മ:ആത്മഹത്യ ചെയ്ത ദിവസം സീരിയല്‍ സെറ്റില്‍ വച്ച് ഷീസാന് തുനിഷയെ മര്‍ദിച്ചതായി തുനിഷയുടെ അമ്മ വനിത ശര്‍മ നല്കിയ മൊഴിയില്‍ പറയുന്നു. കൂടാതെ തന്റെ മകളെ ഉറുദു പഠിക്കാനും ഹിജാബ് ധരിക്കാനും നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും വനിത ശര്‍മ ആരോപിച്ചു. നടിയുടെ അമ്മയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിര്‍ണായകമാകുമോ സിസിടി ദൃശ്യം: സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് തുനിഷ ഷീസാന്റെ മേക്കപ്പ് റൂമില്‍ പോയിരുന്നതായും കുറച്ച് സമയത്തിന് ശേഷം പുറത്തു വന്നതായും കണ്ടെത്തി. തുടര്‍ന്ന് ഷീസാന് ഖാന് സെറ്റിലേക്ക് പോകുകയും തുനിഷ നടനെ പിന്തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സെറ്റിന്റെ കവാടത്തില്‍ നിന്ന് നടി തന്റെ മേക്കപ്പ് റൂമിലേക്ക് തിരിച്ചു പോകുകയായിരുന്നു.