ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ വച്ച് സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് കേസെടുത്ത് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇന്ത്യന്‍ ശിക്ഷ നിയമം 294 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണ്.
അതേസമയം വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ പകര്‍പ്പും സ്വീകരിച്ച നടപടിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഡല്‍ഹി വനിത കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മെയ് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡല്‍ഹി മെട്രോയില്‍ ഇരുന്നു കൊണ്ട് ഒരു പുരുഷന്‍ സ്വയംഭോഗം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതായും സംഭവം ഗൗരവമുള്ളതാണെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി.
വീഡിയോയില്‍ കാണുന്ന ആള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. 'ഡൽഹി മെട്രോയിൽ ഒരു പുരുഷന്‍ ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വൈറൽ വീഡിയോ കണ്ടു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്. ഈ ലജ്ജാകരമായ പ്രവൃത്തിക്കെതിരെ സാധ്യമായ കർശനമായ നടപടി ഉറപ്പാക്കാൻ ഡൽഹി പൊലീസിനും ഡൽഹി മെട്രോയ്ക്കും ഞാൻ നോട്ടിസ് നൽകുന്നു' -സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്‌തു.