ഈസ്റ്റ് ഗോദാവരി (ആന്ധ്രാപ്രദേശ്): ഈസ്റ്റ് ഗോദാവരിയിലെ ഗംഗാവരത്ത് രാമ ക്ഷേത്രം അനധികൃതമായി കൈവശപ്പെടുത്തി ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗം സംഘടിപ്പിച്ചെന്ന ബിജെപിയുടെ വാദം തള്ളി ഈസ്റ്റ് ഗോദാവരി പൊലീസ്. രാമ ക്ഷേത്രത്തിനകത്ത് വച്ച് ക്രിസ്‌ത്യന്‍ പ്രാര്‍ഥന യോഗം സംഘടിപ്പിച്ചതായി നിരവധി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രാർഥന യോഗത്തിന്‍റെ വീഡിയോയും ഇത് സംബന്ധിച്ച വ്യാജ വാര്‍ത്തയും ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ പൂട്ടിക്കിടക്കുന്ന രാമ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പ്രാർഥന യോഗം നടന്നതെന്നും യോഗം സംഘടിപ്പിച്ച സ്ത്രീയും മകനും തമ്മിലുള്ള തർക്കത്തെ വര്‍ഗീയ വിഷയമാക്കി തെറ്റായി വളച്ചൊടിയ്ക്കുകയാണെന്നും ഈസ്റ്റ് ഗോദാവരി പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു വ്യക്തമാക്കി. മംഗയമ്മ എന്ന് പേരുള്ള സ്ത്രീ രാമ ക്ഷേത്രത്തിനോട് ചേർന്നുള്ള ഇവരുടെ വീടിന് മുന്നിലുള്ള റോഡിൽ ക്രിസ്ത്യൻ പ്രാർഥന യോഗങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. ക്ഷേത്രത്തിൽ ദിവസവും പൂജകൾ നടക്കുന്നുണ്ടെന്നും ഗ്രാമത്തിലെ രണ്ട് സമുദായങ്ങൾ തമ്മിൽ സൗഹാര്‍ദപരമായ ബന്ധമാണെന്നും പൊലീസ് പറഞ്ഞു.