ന്യൂഡൽഹി:പാർലമെന്‍റ് സുരക്ഷാവീഴ്‌ച കേസിൽ അറസ്‌റ്റിലായ പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് പൊലീസ് (Police Recovered Pieces of Burnt Phones in Parliament Security Breach Probe). മുഖ്യപ്രതിയായ ലളിത് ഝാ നിർണായക തെളിവായ മൊബൈൽ ഫോണുകൾ കത്തിച്ചതായാണ് പോലീസിന്‍റെ കണ്ടെത്തൽ. ഇയാൾ കത്തിച്ച ഫോണുകളുടെ അവശിഷ്‌ടങ്ങൾ രാജസ്ഥാനിലെ നാഗൗറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതോടെ പ്രതികൾക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റംകൂടി ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ അറസ്‌റ്റിലായ ആറാം പ്രതി മഹേഷ് കുമാവതിന്‍റെ സഹായത്തോടെ ലളിത് ഝാ രാജസ്ഥാനിലെ നാഗൗറിൽ താമസിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇന്നലെ (ശനി) ലളിത് ഝായെ നാഗൗറിലെത്തിച്ച് തെളിവെടുത്തത്. ഇവിടെവച്ച് ഇയാൾ എല്ലാ പ്രതികളുടെയും ഫോണുകൾ കത്തിച്ചതായാണ് കണ്ടെത്തിയത്. അന്വേഷണസംഘത്തിന് ഫോണുകളുടെ അവശിഷ്‌ടങ്ങൾ വീണ്ടെടുക്കാനായിട്ടുണ്ട്.
ഫോൺ നശിപ്പിച്ചതായി കണ്ടെത്തിയതോടെ ഡിസംബർ 13 ന് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) ഉൾപ്പെടെയുള്ള കൂടുതൽ ഐപിസി വകുപ്പുകൾ ചേർക്കാൻ തീരുമാനിച്ചതായി ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം തീവ്രവാദ കുറ്റം അടക്കം ചുമത്തിയിട്ടുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read:സുരക്ഷ വീഴ്‌ച ആയുധമാക്കി തൃണമൂൽ; മഹുവ മൊയ്ത്രയെ പുറത്താക്കിയപോലെ പ്രതാപ് സിംഹയേയും പുറത്താക്കണമെന്ന് ആവശ്യം
പാർലമെന്‍റ് സുരക്ഷാലംഘന കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. സാഗർ ശർമ, മനോരഞ്ജൻ ഡി, അമോൽ ഷിൻഡെ, നീലം ദേവി, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരിൽ സാഗർ ശർമ്മയും മനോരഞ്ജനുമാണ് ശൂന്യവേളക്കിടെ ലോക്‌സഭാ ചേംമ്പറിലേക്ക് ചാടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. പ്രതികൾ ഷൂവിനുള്ളില്‍ ഒളിപ്പിച്ചിരുന്ന പുക കുറ്റികൾ പ്രയോഗിച്ചതോടെ ചേംമ്പറിനുള്ളിൽ മഞ്ഞ നിറം നിറഞ്ഞു. തുടർന്ന് എംപിമാരും വാച്ച് ആൻഡ് വാർഡ് ജീവനക്കാരും ചേർന്ന് പ്രതികളെയും കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം തന്നെയാണ് അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്‍റ് വളപ്പിന് പുറത്ത് "തനാഷാഹി നഹി ചലേഗി" എന്ന മുദ്രാവാക്യവുമായി പുക കുറ്റി തുറന്നത്. ഇവരുടെ പ്രതിഷേധം സമീപത്തുണ്ടായിരുന്ന ലളിത് ഝാ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌തു. ഇതിനുശേഷം ഇയാൾ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
Also Read:പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു; പാർലമെന്‍റ് സുരക്ഷാവീഴ്‌ചയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
രാജസ്ഥാനിലെ നാഗൗറിലെത്തിയ ലളിത് ഝായ്ക്ക് മഹേഷ് കുമാവത് ആണ് താമസം ഒരുക്കിയത്. ഇതിനുശേഷം വ്യാഴാഴ്‌ച രാത്രി ലളിത് ഝായും മഹേഷ് കുമാവതും ഡൽഹിയിലെത്തി കീഴടങ്ങുകയായിരുന്നു.