ഝാർഖണ്ഡ് :ഡിജിറ്റൽ ലോകത്ത് ആളുകളുടെ ഇടപെടൽ അനുദിനം വർധിക്കുന്ന കാലമാണ്. എന്നാല്‍ പലതരം വഞ്ചനകളും ഈ രംഗത്ത് അരങ്ങേറുന്നുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണ് അതില്‍ പ്രധാനം. സമാന സംഭവമാണ് ഝാർഖണ്ഡിലെ ഗിരിദിഹിൽ നിന്ന് പുറത്തുവരുന്നത്.
സൈബർ കുറ്റകൃത്യത്തിൽ രണ്ട് പേരെയാണ് ഗിരിദിഹ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പിടിക്കപ്പെട്ടവരിൽ ഒരാളുടെ മൊബൈലിൽ നിന്ന് 6 ലക്ഷം പേരുടെ ഫോൺ നമ്പറുകൾ, പേരുകൾ, വിലാസങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ആളുകളുടെ വാർഷിക വരുമാനവിവരങ്ങള്‍ എന്നിവ പൊലീസ് കണ്ടെത്തി. ഗണ്ഡേ സ്വദേശിയായ നിഖിൽ കുമാർ, കൂട്ടാളി സക്കീർ അൻസാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സൈബർ ക്രൈം കേസിൽ മുമ്പ് 2018ൽ നിഖിൽ ജയിലിൽ പോയിട്ടുണ്ട്. ഇരുവരിൽ നിന്നുമായി നാല് മൊബൈലുകൾ, 60,000 രൂപ, ഒരു എ ടി എം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൊലീസ് കണ്ടെടുത്തു.
അറസ്റ്റ് നടന്നത് ഇങ്ങനെ: എസ് പി അമിത് രേണുവിന്‍റെ നിർദേശപ്രകാരം സൈബർ ഡി എസ് പി സന്ദീപ് സുമൻ, സൈബർ സ്‌റ്റേഷൻ ഇൻചാർജ് ആദികാന്ത് മഹാതോ എന്നിവരുടെ സംഘമാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. ഗണ്ഡേ ബ്ലോക്കിൽവച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഡി എസ് പി സഞ്ജയ് റാണയാണ് അറസ്‌റ്റ് സ്ഥിരീകരിച്ചത്.
ഓൺലൈൻ തട്ടിപ്പിലൂടെ വാങ്ങിക്കൂട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ :ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് സൈബർ ക്രിമിനൽ നിഖിലിന്‍റെ കുറ്റകൃത്യങ്ങൾ. ഗണ്ഡേ ബ്ലോക്കിൽ സൈബർ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലാവുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ കെ വൈ സി അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ പേരിൽ വ്യാജ മെസേജുകളും ലിങ്കുകളും അയച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. വഞ്ചനയാണെന്ന് മനസിലാക്കാതെ സാധാരണക്കാരായ ആളുകൾ ഇവർക്ക് ഒ ടി പി നമ്പർ, എ ടി എം കാർഡ് എന്നിവയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതോടെ നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടും.
ഇവർ പിടിക്കപ്പെടുന്ന സമയത്ത് ലിങ്കിൽ നിന്ന് ലഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ ഒ ടി പി നമ്പർ മൊബൈലിൽ വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓൺലൈനിൽ ഒരേ സമയം ആയിരക്കണക്കിന് സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ആപ്പ് വാങ്ങിയതിന്‍റെ തെളിവുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ സ്വർണ നിക്ഷേപം കാണിച്ച് നിഖിൽ ഡൽഹിയിലെ വിലാസത്തിൽ നാല് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ വാങ്ങിയതായും തെളിവുകളുണ്ട്.
ടെക്‌സ്‌റ്റൈൽ ബിസിനസ് നടത്തുന്ന വ്യക്തിയാണ് നിഖിൽ. ഗണ്ഡേ ബസാറിൽ വലിയ ടെക്‌സ്‌റ്റൈൽ സ്ഥാപനവും നിഖിലിനുണ്ട്. ഇയാള്‍ക്ക് നിരവധി സൈബർ കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിഖിലിന്‍റെ മൊബൈലിൽ നിന്ന് 20 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പിന്‍റെ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിഖിൽ കൈവശം സൂക്ഷിച്ചിരുന്ന മൊബൈലിൽ നിന്ന് കണ്ടെത്തിയ 6 ലക്ഷം പേരുടെ നമ്പരുകളിൽ എത്ര പേർ കബളിപ്പിക്കപ്പെട്ടു എന്ന അന്വേഷണത്തിലാണ് നിലവിൽ പൊലീസ്.