കേരളം

kerala

ETV Bharat / bharat

താത്‌കാലിക പൊലീസ് യൂണിറ്റിന് നേരെ ആക്രമണം ; ഇംഫാലില്‍ 2 കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

Manipur Police militant clash in Imphal : അതിര്‍ത്തി നഗരമായ മോറെയിലാണ് സംഭവം. പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം.

By ETV Bharat Kerala Team

Published : Jan 18, 2024, 8:00 AM IST

Manipur Police militant clash  Police militant clash in Imphal  ഇംഫാലില്‍ ഏറ്റുമുട്ടല്‍  മണിപ്പൂര്‍ അക്രമം
police-militant-clash-in-imphal

ഇംഫാല്‍ :മണിപ്പൂരില്‍ അക്രമകാരികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വെടിയുണ്ട തുളച്ച് കയറി രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വ്യാപാര നഗരമായ മോറെയില്‍ ഇന്നലെ (ജനുവരി 17) ആണ് സംഭവം.

ഇംഫാല്‍ വെസ്റ്റ് ലംഷാങ് സ്വദേശികളായ വാങ്‌ഖേം സൊമോര്‍ജിത്ത് (32), തഖെല്ലംബം സൈലേഷ്വര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഇമാ കൊണ്ടോങ് ലൈറെംബി ദേവി ക്ഷേത്രത്തിന് സമീപം തോക്കുധാരികളായ അക്രമികള്‍ക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തുന്നതിനിടെയാണ് സോമോര്‍ജിത്തിന് വെടിയേറ്റത്. അസം റൈഫിള്‍സിന്‍റെ കീ ലൊക്കേഷന്‍ പോയിന്‍റില്‍ (കെഎല്‍പി) ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

അതേസമയം ഇന്നലെ വൈകിട്ടോടെയാണ് സൈലേഷ്വറിനെ തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഇടതുകാലില്‍ വെടിയേറ്റ കോണ്‍സ്റ്റബിള്‍ എന്‍ ഭീം (32), മുഖത്തും ചെവിയിലും പരിക്കേറ്റ എഎസ്‌ഐ സിദ്ധാര്‍ഥ് തോക്‌ചോം (35) എന്നിവരെ മോറെയില്‍ നിന്ന് ഹെലികോപ്‌റ്റര്‍ മാര്‍ഗം ഇംഫാലിലെ റിംസില്‍ എത്തിച്ചു. ഇരുവരും ഇവിടെ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

മോറെയിലെ താത്‌കാലിക പൊലീസ് യൂണിറ്റിന് നേരെ തീവ്രവാദികള്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) തൊടുത്തുവിട്ടതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോറെയുടെ വാര്‍ഡ് നമ്പര്‍ 7, ചിക്കിം ഗ്രാമം എന്നിവിടങ്ങളില്‍ സുരക്ഷാസേനയ്‌ക്ക് നേരെ തീവ്രവാദികള്‍ ഒന്നിലധികം ആക്രമണങ്ങള്‍ നടത്തി. തീവ്രവാദികളുടെ ആര്‍പിജി ഷെല്ലാക്രമണത്തില്‍ കമാന്‍ഡോ പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

അതേസമയം പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇംഫാല്‍ വെസ്റ്റ് മാലോമില്‍ നിന്നുള്ള സ്‌ത്രീകള്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. അക്രമികളെ പിടികൂടുന്നതുവരെ സൊമോര്‍ജിത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആക്ഷന്‍ കമ്മിറ്റി വക്താവ് എല്‍ പ്രേംചന്ദ് വ്യക്തമാക്കി.

Also Read: മാവോയിസ്‌റ്റ് ഡെപ്യൂട്ടി കമാന്‍ഡറെ സൈന്യം വകവരുത്തി; കൊല്ലപ്പെട്ടത് രത്തൻ ഏലിയാസ് സലാം

സംഭവത്തില്‍ ഇംഫാലിന്‍റെ മറ്റ് പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ഖ്വൈരംബാന്ദ് കെയ്‌തലില്‍ നിന്ന് ധാരാളം പേര്‍ മോറെയില്‍ സുരക്ഷാസേനയെ കൂടുതല്‍ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പൊലീസുകാര്‍ക്കുനേരെ തീവ്രവാദികള്‍ നിരന്തരമായി ആക്രമണം നടത്തുകയും അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു.

ABOUT THE AUTHOR

...view details