കുരുക്ഷേത്ര (ഹരിയാന):കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് ആക്രമണത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാനയില്‍ കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജിനും പൊലീസ് ആക്രമണത്തിനുമെതിരെ ഇതേവരെ കാണാത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയപ്പോഴാണ് അറിയിച്ചത്. അതേസമയം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി കര്‍ണാല്‍ പൊലീസ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ വസതിയിലും വീടിന്‍റെ പരിസരത്തും സുരക്ഷ ശക്തമാക്കി.
സൂര്യകാന്തി വിത്ത് സര്‍ക്കാര്‍ താങ്ങുവിലയില്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ചൊവ്വാഴ്‌ച ദേശീയപാത ഉപരോധിച്ചിരുന്നു. സംഭവത്തില്‍ ഭാരതീയ കിസാൻ യൂണിയന്‍ (ചരുണി) പ്രസിഡന്‍റ് ഗുർനാം സിങ് ചരുണി ഉള്‍പ്പടെ ഒമ്പതുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ചൊവ്വാഴ്‌ച വൈകുന്നേരം കസ്‌റ്റഡിയിലെടുത്ത ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസും അറിയിച്ചു. കലാപത്തിന് ശ്രമം, നിയമവിരുദ്ധമായ സംഘം ചേരൽ, ക്രിമിനൽ ബലപ്രയോഗം നടത്തി പൊതുപ്രവർത്തകരുടെ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്‌ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
അതേസമയം നിലവില്‍ ഹരിയാനയുടെ സംസ്ഥാന രാഷ്‌ട്രീയം കര്‍ഷകര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ ചുറ്റിപ്പറ്റിയാണുള്ളത്. കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും സ്വരം കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ ഉത്തരകൊറിയ പോലെയാകുകയാണെന്നായിരുന്നു സംഭവത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ ആദ്യപ്രതികരണം. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ എല്ലാ കർഷകരെയും കാണുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: ഗുസ്‌തി താരങ്ങള്‍ക്ക് ചര്‍ച്ചയ്‌ക്ക് ക്ഷണം; കര്‍ഷക നേതാവിനൊപ്പം അനുരാഗ് താക്കൂറിനെ കണ്ട് ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും
ഗുസ്‌തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയും താരങ്ങളെ ചേര്‍ത്തുപിടിച്ചും മുന്നോട്ടുപോകവെയാണ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷക നേതാക്കള്‍ക്ക് ഹരിയാനയിലെ കര്‍ഷക പ്രതിഷേധത്തിലും ഇടപെടേണ്ടിവരുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പടെ 12 ഓളം വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ബുധനാഴ്‌ച കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറിനെ കണ്ട സംഘത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തുമുണ്ടായിരുന്നു. ഗുസ്‌തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പമെത്തിയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ ഗുസ്‌തി താരങ്ങള്‍ സമരം താത്‌കാലികമായി അവസാനിപ്പിച്ചിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചയോടെയാണ് കേന്ദ്ര കായിക മന്ത്രി താരങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിക്കുന്നത്. എന്നാല്‍ ബ്രിജ് ഭൂഷൺ സിങിനെതിരെയുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാരിൽ നിന്നുമുള്ള നിർദേശത്തിൽ സമവായത്തിലെത്തിയ ശേഷം മാത്രമേ ഗുസ്‌തി താരങ്ങള്‍ അനുരാഗ് താക്കൂറിനെ കാണുകയുള്ളു എന്നായിരുന്നു ഇതിനോട് സാക്ഷി മാലിക്കിന്‍റെ പ്രതികരിച്ചത്. സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശം മുതിര്‍ന്നവരും അനുഭാവികളുമൊത്ത് തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും നിര്‍ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം നൽകിയാൽ മാത്രമേ ഞങ്ങൾ സമ്മതിക്കുകയുള്ളുവെന്നും സാക്ഷി വ്യക്തമാക്കിയിരുന്നു. സർക്കാർ പറയുന്നത് എന്തും സമ്മതിച്ച് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നത് നടക്കാന്‍ പോവുന്നില്ലെന്നും സാക്ഷി മാലിക്ക് കൂട്ടിച്ചേര്‍ത്തിരുന്നു.