കൊല്‍ക്കത്ത:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കഴിഞ്ഞദിവസം കൂറ്റന്‍ വിജയം നേടിയിരുന്നു. ഒപ്പം ക്രിക്കറ്റ് ദൈവത്തിന്‍റെ ഏകദിന സെഞ്ചുറി റെക്കോഡിനൊപ്പം സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി എത്തിയതും കായികപ്രേമികള്‍ ഏറെ ആരവത്തോടെയാണ് വരവേറ്റത്.
എന്നാല്‍ മത്സരത്തിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന കൊൽക്കത്ത മൗണ്ടഡ് പൊലീസിന് ഇന്ത്യന്‍ വിജയത്തിലെ സന്തോഷത്തിനൊപ്പം തന്നെ സങ്കടത്തിന്‍റെ നനവുമുണ്ടായിരുന്നു. കാരണം തങ്ങളുടെ സ്‌ക്വാഡിലെ പ്രിയപ്പെട്ട കുതിരയായ വോയ്‌സ് ഓഫ് റീജൻസിന്‍റെ മരണമായിരുന്നു ഇവരെ സങ്കടത്തിലാഴ്‌ത്തിയത്. റീജന്‍സിന്‍റെ മരണത്തിനും ഇന്ത്യയുടെ മത്സരവുമായി നേരിട്ടല്ലാത്ത ബന്ധമുണ്ടായിരുന്നു.
സംഭവം ഇങ്ങനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരദിനത്തില്‍ പിറന്നാളുകാരന്‍ കൂടിയായ വിരാട് കോലി സെഞ്ചുറിയോട് കൂടി 49 സെഞ്ചുറികള്‍ എന്ന സച്ചിന്‍റെ റെക്കോഡിലേക്ക് നടന്നുകയറിയിരുന്നു. ഈ സമയത്ത് ആഹ്ലാദഭരിതരായ ആരാധകര്‍ സ്‌റ്റേഡിയം പരിസരത്ത് പടക്കം പൊട്ടിച്ചിരുന്നു. പടക്കത്തിന്‍റെ പെട്ടന്നുണ്ടായ ഘോര ശബ്‌ദത്തില്‍ സുരക്ഷ ചുമതല ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലിയിലായിരുന്ന വോയ്‌സ് ഓഫ് റീജൻസ് അസ്വസ്ഥനാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതാണ് റീജന്‍സിന്‍റെ മരണകാരണമെന്ന് ഡോക്‌ടര്‍മാരും അറിയിച്ചു. അതേസമയം സ്‌റ്റേഡിയം വളപ്പില്‍ ആരാണ് പടക്കം പൊട്ടിച്ചതെന്നും ഇതിന് അനുമതിയുണ്ടായിരുന്നോ തുടങ്ങിയ വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.