ഇംഫാല്‍:രണ്ട് സ്‌ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നഗ്നരാക്കി ജനമധ്യത്തിലൂടെ നടത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷ സാധ്യത കടുക്കുന്നു. മര്‍ദനത്തിന് ഇരയായവരും ദൃക്‌സാക്ഷികളായവരുമെല്ലാം പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നതും ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാണ്. മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപുറപ്പെട്ടത്.
മണിപ്പൂരിലെ കുക്കി-മെയ്‌തി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. കലാപവും പരസ്‌പര ആക്രമണങ്ങളും കൊടുമ്പിരി കൊണ്ട മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവ വികാസങ്ങളില്‍ പലതും പുറംലോകം അറിയാതായി. അതുകൊണ്ട് തന്നെ സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമം നടന്ന് ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടാണ് ഇക്കാര്യം പുത്തറിഞ്ഞത്. സമൂഹ മാധ്യമങ്ങളിലെല്ലാം ഏറെ വൈറലായ ദൃശ്യങ്ങള്‍ക്കതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിലേക്ക്:കാങ്പോപി ജില്ലയിലെ സെക്‌മെയ് ഗ്രാമത്തിലേക്ക് ആയുധധാരികളായ ഒരുകൂട്ടം ആളുകള്‍ ഇരച്ച് കയറി. ഏകദേശം 1000ത്തോളം പേരാണ് ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. എകെ റൈഫിളുകൾ, SLR, INSAS, .303 റൈഫിളുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
ഗ്രാമത്തിലെ വീടുകള്‍ കൊള്ളയടിക്കുകയും സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും ചെയ്‌തു. വീടുകളില്‍ നിന്നും പണം, ഫര്‍ണീച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷ്യ വസ്‌തുക്കള്‍ എന്നിവ സംഘം കവര്‍ന്നു. ഗ്രാമത്തിലെ അധിക പേരും ഉപജീവനം കണ്ടെത്തുന്ന കന്നുകാലികളെയും സംഘം കൊന്നൊടുക്കി. ഒടുക്കം വീടുകള്‍ക്ക് തീയിടുകയും ചെയ്‌തുവെന്നാണ് സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
സംഘര്‍ഷ സ്ഥലത്ത് നിന്നും പൊലീസ് രക്ഷപ്പെടുത്തിയ അഞ്ച് പേരെ സംഘം തട്ടികൊണ്ടു പോകുകയും ചെയ്‌തു. സ്‌ത്രീകളെ നഗ്നരാക്കി ജനമധ്യത്തിലൂടെ നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ജൂലൈ 19ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൊട്ടടുത്ത ദിവസം അറസ്റ്റുണ്ടാകുകയും ചെയ്‌തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കാംഗ്‌പോപി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 21ന് പരാതി ലഭിച്ചിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി, ഭാര്യയെ സംരക്ഷിക്കാനായില്ല:മണിപ്പൂരില്‍കൂട്ടബലാത്സംഗത്തിന് ശേഷം നഗ്നയായിജനമധ്യത്തിലൂടെ നടത്തി സ്‌ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് കാര്‍ഗില്‍ യുദ്ധ സേനാനിയാണ്. താന്‍ രാജ്യത്തെ സംരക്ഷിച്ചിട്ടും സ്വന്തം ഭാര്യയ്‌ക്ക് സംരക്ഷണമൊരുക്കാന്‍ തനിക്കായില്ലെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. അസം റെജിമെന്‍റിലെ സുബേദാറായി സേവനമനുഷ്‌ഠിച്ചയാളാണ് അദ്ദേഹം.
'കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പോരാടി. ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഞാനുണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു. എന്നാല്‍ സ്വന്തം ഭാര്യയെയും എന്‍റെ ഗ്രാമവാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്' -അദ്ദേഹം പറഞ്ഞു.
'നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മെയ് 4ന് പുലര്‍ച്ചെയാണ് ജനക്കൂട്ടം സ്‌ത്രീകളെ രണ്ട് പേരെയും നഗ്‌നരാക്കി റോഡിലൂടെ നടത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് എത്തയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. വീടുകള്‍ക്ക് തീയിടുകയും സ്‌ത്രീകളെ അപമാനിക്കുകയും ചെയ്‌ത മുഴുവന്‍ കുറ്റവാളികള്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയോര ജില്ലയായ ഇവിടെ ജനങ്ങള്‍ ആദിവാസി ഐക്യദാർഢ്യ മാർച്ച് (Tribal Solidarity March) നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത 150 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ്‌വരയിലാണ് താമസിക്കുന്നത്. ഇതില്‍ 40 ശതമാനവും കുക്കി, നാഗ ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെട്ടവരാണ്.