ബെംഗളൂരു: 20 ദിവസം മുമ്പാണ് ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പ്ലാസ്‌റ്റിക് ഡ്രമ്മില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയില്‍ ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, ആരാണ് ഇത്തരത്തില്‍ ക്രൂരകൃത്യം നിര്‍വഹിച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട സ്‌ത്രീയുടെ പേര് വിവരങ്ങള്‍ പോലും നാളിതുവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പ്രതി കാണാമറയത്ത് തന്നെ തുടരുകയാണ്.
കേസിനാസ്‌പദമായ സംഭവം: ജനുവരി 14നാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നീല നിറത്തിലുള്ള ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്‌റ്റിക് ടേപ്പ് ചുറ്റിയതിന് ശേഷം തുണികള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിവരം ലഭിച്ച ഉടന്‍ തന്നെ റെയില്‍വേ എസ്‌പി സൗമ്യലത സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
കൂടാതെ, യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പ്രഭാകറിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്‌ത സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആംഭിച്ചിരുന്നു. കൊല്ലപ്പെട്ട സ്‌ത്രീ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കുന്നത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കൊല്ലപ്പെട്ട യുവതിയെക്കുറിച്ചോ കൊലപാതകിയെക്കുറിച്ചോ യാതൊരു വിധ തെളിവുകളും ഇതുവരെ ലഭിച്ചിക്കാത്തത് പൊലീസിനെ കുഴപ്പത്തിലാക്കുന്നു.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്:മാത്രമല്ല, കൊല്ലപ്പെട്ട സ്‌ത്രീയെ അന്വേഷിച്ച് കുടുംബാംഗങ്ങളോ ബന്ധുക്കളോ പൊലീസിനെ സമീപിക്കാത്തതും പൊലീസിന്‍റെ ഉറക്കം കെടുത്തുന്നു. കൊലപാതകിയെ കണ്ടെത്തുന്നതിന് മുമ്പ് കൊല്ലപ്പെട്ട സ്‌ത്രീയെ തിരിച്ചറിയുവാനുള്ള ശ്രമങ്ങളാണ് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ റെയില്‍വേ പൊലീസ് നടത്തുന്നത്. കേസില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ നിലവില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
വിശാഖപട്ടണത്തു നിന്നും ബാംഗ്ലൂരിലേയ്‌ക്ക് വരികയായിരുന്ന ട്രെയിനിലാണ് മൃതദേഹം കയറ്റി അയച്ചത് എന്ന വിവരം പൊലീസിന് ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണം മുതല്‍ യശ്വന്ത്പൂര്‍ വരെയുള്ള റെയില്‍വേ, ക്രമസമാധാന പരിപാലന സേന തുടങ്ങിയ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള തിരോധാന കേസുകളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതേക്കുറിച്ച് വിശാഖപട്ടണം മുതല്‍ യശ്വന്ത്പൂര്‍ വരെയുള്ള പ്രധാന സ്ഥലങ്ങളില്‍ ലഘുലേഖകളും പതിച്ചിട്ടുണ്ട്.
മൃതദേഹം കണ്ടെടുത്ത പ്ലാസിറ്റിക് ഡ്രം നിര്‍മിക്കുന്ന കമ്പനിയോട് എവിടെയാണ് ഡ്രമ്മുകള്‍ വിതരണം ചെയ്യുന്നതെന്നും അടുത്തിടെയായി എവിടെയൊക്കെയാണ് കയറ്റി അയച്ചതെന്നുമുള്ള വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കമ്പനി ഏറ്റവും അധികം വിതരണം നടത്തുന്നത് ദക്ഷിണേന്ത്യയിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനടി ലഭ്യമാകുമെന്നും സംസ്ഥാനത്തെ റെയില്‍വേ എസ്‌പി എസ് കെ സൗമ്യലത പറഞ്ഞു.