പൂനെ:സിന്‍ഹബാദ് പ്രദേശത്ത് നിന്ന് കൊലപാതക കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പൂനെ പൊലീസ് ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്തു. പ്രതികൾ യഥാക്രമം 16 ഉം 14 ഉം വയസുള്ളവരാണ്. കൊല്ലപ്പെട്ട സ്‌ത്രീയുടെ വീട്ടില്‍ മോഷണം നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും ഈ സ്‌ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് കുട്ടികള്‍ വീട്ടിൽ കയറി മോഷണം നടത്തുകയും സ്‌ത്രീയെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ALSO READ:കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം
അന്വേഷണത്തില്‍ ഗന്ധം, വിരലടയാളം തുടങ്ങിയ തെളിവുകളൊന്നും ലഭിക്കാതിരിക്കാൻ കുറ്റകൃത്യം ചെയ്യുമ്പോൾ ഇരുവരും കയ്യുറകളും ഡബിൾ ഷർട്ടും ധരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒക്‌ടോബർ 30ന് ഒരു വീട്ടിൽ മോഷണം നടന്നതായി വിവരം ലഭിച്ചെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ 70 വയസുള്ള ഒരു സ്‌ത്രീ വീണുകിടക്കുന്നതാണ് കണ്ടതെന്നും സിൻഹഗഡ് റോഡ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടർ ഡേവിദാസ് ഗെവാരെ പറഞ്ഞു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടയില്‍ ഒരു പാനിപൂരി കേന്ദ്രത്തില്‍ നിന്ന് രണ്ട് കുട്ടികള്‍ ഭയന്ന് ഓടിപ്പോകുന്നത് കണ്ടു.
ALSO READ:സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത
പിന്നീട് ഈ കുട്ടികളില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ ഇവരില്‍ ഒരാള്‍ക്ക് മോഷണ ശീലമുണ്ടെന്ന് മനസിലാക്കി. പിന്നീട് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച കുട്ടികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടുപേരെയും കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും.