ഹൈദരാബാദ്:ടിആർഎസ് (ബിആർഎസ്) സർക്കാരിനെതിരെ നിരാഹാര സമരം നടത്തുന്ന വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിളയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി. ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിലേക്കാണ് ശർമിളയെ മാറ്റിയത്. നിലവിൽ ശർമിളയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശർമിളയുടെ രക്തസമ്മർദവും, ഷുഗർ ലെവലും അപകടകരമായ അളവിൽ താഴ്‌ന്നിരുന്നു എന്ന് ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു.
നിരാഹാരസമരം പദയാത്രയ്‌ക്ക് അനുമതി നൽകാത്തതിന്:ശർമിളയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയ്‌ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ശർമിള വെള്ളിയാഴ്‌ച (ഡിസംബർ 9) രാവിലെ മുതൽ നിരാഹാര സമരത്തിലായിരുന്നു.
കോടതിയുടെ അനുമതി ലഭിച്ചിട്ടും പദയാത്ര തുടരാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് ശർമിള നേരത്തെ ആരോപിച്ചിരുന്നു. തെലങ്കാനയിൽ ജനാധിപത്യം സംരക്ഷിക്കണമെന്നും പദയാത്ര തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. പദയാത്ര തടയുന്നതിനായി തന്‍റെ ബസ് കത്തിച്ചതായും അനുയായികളെ മർദിച്ചതായും ശർമിള ആരോപിക്കുന്നു.
തന്‍റെ പദയാത്ര തടയാൻ കെസിആർ പരമാവധി ശ്രമിക്കുന്നു. അതിന്‍റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്‌തത്. പദയാത്രയുടെ ആദ്യ ദിവസം തന്നെ ശർമിളയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ശർമിളയുടെ കാർ വലിച്ചിഴച്ച് പൊലീസ്;ടിആര്‍എസ് പ്രവര്‍ത്തകര്‍ തന്നെയും തന്‍റെ അനുയായികളെയും പദയാത്രക്കിടെ തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ വച്ച് ആക്രമിച്ചു എന്നാരോപിച്ച് ശര്‍മിള തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധത്തിനായി പോയിരുന്നു. ടിആര്‍എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്നതെന്നാരോപിച്ച കാറിലാണ് പ്രതിഷേധത്തിന് പോയത്.
തുടർന്ന്, ഹൈദരാബാദിലെ പഞ്ചഗുട്ട സ്‌ക്വയറില്‍ വച്ച് വൈഎസ് ശര്‍മിളയേയും അനുയായികളെയും പൊലീസ് തടഞ്ഞു. ഡ്രൈവര്‍ സീറ്റിലായിരുന്ന വൈഎസ് ശര്‍മിള കാറില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാത്തതിനാൽ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ശര്‍മിള കാറില്‍ ഇരിക്കെ തന്നെ വാഹനം നേരെ എസ് ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വൈഎസ് ശര്‍മിളയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അമ്മ വൈഎസ് വിജയമ്മയെ തെലങ്കാന പൊലീസ് വീട്ട് തടങ്കലില്‍ വച്ചു.
പദയാത്രക്കിടെ സംഘർഷം:പദയാത്രക്കിടെ വാറങ്കലിലെ നരസംപേട്ടയില്‍ വച്ച് ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്‌ആര്‍ടി പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം ഉണ്ടായി. നരസംപേട്ട എംഎല്‍എ പെഡ്ഡി സുദര്‍ശനെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ടിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ പദയാത്ര തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
ശര്‍മിളയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തിലൊന്നിലാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കാനായി വൈഎസ് ശര്‍മിള എത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പദയാത്ര നിര്‍ത്താന്‍ ശര്‍മിളയോട് ആവശ്യപ്പെടുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.
യാത്രയ്‌ക്കെതിരെ ടിആര്‍എസ് പ്രവര്‍ത്തകര്‍ സംഘടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അതേസമയം, യാത്രയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരെ തെലങ്കാന ഹൈക്കോടതിയെ വൈഎസ്ആര്‍ടിപി സമീപിച്ചു. പദയാത്രയ്‌ക്കായി പുതിയ അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തരുതെന്നും കോടതി വൈഎസ് ശര്‍മിളയോട് നിര്‍ദേശിച്ചു.
Also read:കെസിആറിനെതിരായ റാലി; വൈഎസ് ശര്‍മിളയുടെ കാര്‍ വലിച്ചിഴച്ച് തെലങ്കാന പൊലീസ്; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍