മോഗ (പഞ്ചാബ്) : വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് സ്ത്രീകളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. പഞ്ചാബിലെ (Punjab) മോഗ (Moga) ജില്ലയില്‍ ഇന്നലെ (ജൂലൈ 22) ആണ് രണ്ട് സ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌ത്രീകളുടെ വസതിയിൽ മയക്കുമരുന്ന് വിൽക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഇവരിൽ നിന്ന് അഞ്ച് ഗ്രാം ഹെറോയിനും 130 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെയും (ഐപിസി) 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌റ്റിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാബിലെ മയക്കുമരുന്നെന്ന 'അദൃശ്യനദി' : പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് ജൂൺ അവസാനത്തോടെ പുറത്തുവന്നത്. അതിനിടെ 20കാരിയുടെ വെളിപ്പെടുത്തലിലും സംസ്ഥാനം നടുങ്ങി. 18-ാമത്തെ വയസിലാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് താൻ മയക്കുമരുന്നിന് അടിമയായി. ഒടുവില്‍ തനിക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നെന്നുമാണ് യുവതി പറഞ്ഞത്.
തുടക്കത്തില്‍ മയക്കുമരുന്ന് ശരീരത്തില്‍ എത്തിക്കാനായി പേപ്പറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മയക്കുമരുന്ന് ഇഞ്ചക്‌റ്റ് ചെയ്‌ത് ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന തനിക്ക് ലൈംഗിക തൊഴിലിന് മുതിരേണ്ടി വന്നെന്നും യുവതി തുറന്നു പറഞ്ഞു. സംസ്ഥാനത്തെ ചെറിയ തെരുവുകളില്‍ പോലും മയക്കുമരുന്ന് അടക്കമുള്ള ലഹരികള്‍ വളരെ സുലഭമായി ലഭിക്കുമെന്നും യുവതി വെളിപ്പെടുത്തി.