ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിനിടെ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ നൽകാനെന്ന വ്യാജേന ആയിരത്തോളം പേരെ കബളിപ്പിച്ച സംഘത്തിലെ ഒമ്പത് പേരെ ഡൽഹി പൊലീസിന്‍റെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ഏകദേശം 1.5 കോടിയോളം രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയത്.
കോച്ചിങ് ക്ലാസുകൾ നടത്തുന്ന ബിരുദാനന്തര ബിരുദധാരികളാണ് തട്ടിപ്പിന്‍റെ സൂത്രധാരന്മാരെന്നും ബാക്കിയുള്ളവർക്ക് മറ്റ് തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും കമ്മീഷനായി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വിനോദ് എന്നയാളുടെ ഭാര്യ കൊവിഡ് ബാധിതയാകുകയും ഓക്‌സിജൻ ആവശ്യമായി വരികയും ചെയ്‌തപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച നമ്പരിൽ ബന്ധപ്പെട്ടു. അവരുടെ നിർദേശാനുസരണം ഓക്‌സിജൻ സിലിണ്ടറിനായി 25,000 രൂപ അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ ഓക്‌സിജൻ സിലിണ്ടറും പണവും തിരികെ കിട്ടിയില്ലെന്ന് പൊലീസ് പറയുന്നു.
Also Read: Gulf of Kutch : കച്ച് ഉള്‍ക്കടലില്‍ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു
മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ മറ്റൊരു തട്ടിപ്പ് കേസിലും പ്രതികളാണ്. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാൾ, ബിഹാർ സ്വദേശികളായ ആറ് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
സരിത ദേവി(36), പിങ്കി ദേവി(37), അമിത് റൗഷൻ(27), നിതീഷ് കുമാർ(25), സനു നന്ദി(24), സൗമെൻ മൊണ്ടൽ(35), ഉത്പൽ ഘോഷാൽ(35), പവൻ(26), കമൽ കാന്ത് (31) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
ഓക്‌സിജൻ സിലിണ്ടറുകൾ ഹോം ഡെലിവറി ചെയ്‌ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ നമ്പറുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഓക്‌സിജൻ സിലിണ്ടറുകൾക്കായി മുൻകൂറായി പണമടക്കണമെന്ന് തട്ടിപ്പ് സംഘത്തിലെ ടെലി-കോളർമാർ ആവശ്യപ്പെട്ടതനുസരിച്ച് ആളുകൾ പണമയക്കുകയായിരുന്നു.
പ്രതികളിൽ നിന്ന് 9 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, 11 സിം കാർഡുകൾ, 7 എടിഎം കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.