ഹാവേരി:കർണാടകയിലെ ഹാവേരിയിൽ ഐസിഐസിഐ അസിസ്‌റ്റന്‍റ് ബ്രാഞ്ച് മാനേജരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓൺലൈൻ ഗെയിമുകൾ കളിക്കാനുള്ള അമിതമായ ചെലവുകൾക്കായി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് 2.36 കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് വീരേഷ് കാശിമഠ് എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അടുത്തിടെ ഐസിഐസിഐ ബാങ്ക് മാനേജർ ഹാവേരി സിറ്റി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിരേഷ് കാശിമഠിനെതിരെ കേസെടുത്തത്. പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
ഓൺലൈൻ ഗെയിമുകൾക്ക് അടിമ; അസിസ്‌റ്റന്‍റ് ബ്രാഞ്ച് മാനേജർ ബാങ്കിൽ നിന്ന് തട്ടിയത് 2.36 കോടി - ഐസിഐസിഐ
ഐസിഐസിഐ അസിസ്‌റ്റന്‍റ് ബ്രാഞ്ച് മാനേജർ ഓൺലൈൻ ഗെയിമുകൾക്ക് അടിമ. ഗെയിം കളിക്കാൻ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 2.36 കോടി രൂപ. ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത് ആറുമാസത്തിനുശേഷം
അസിസ്‌റ്റന്‍റ് മാനേജർ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായി മാറുകയും ഇടപാടുകാരുടെ പണം തട്ടിയെടുക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. പ്രതിയായ വീരേഷ് കാശിമഠ് ഇടപാടുകാർ ബാങ്കിൽ നിക്ഷേപിച്ച പണം തനിക്ക് അറിയാവുന്ന ഒരാൾക്ക് കൈമാറുകയും പിന്നീട് ആ പണം തന്‍റെ വ്യക്തിഗത ഉപയോഗത്തിനായി കൈപ്പറ്റുകയും ചെയ്‌തു വരികയായിരുന്നു. 2022 ഓഗസ്റ്റ് മുതൽ 2023 ഫെബ്രുവരി വരെയാണ് ഈ തട്ടിപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ രണ്ട് കോടി 36 ലക്ഷം രൂപയാണ് വീരേഷ് കൂട്ടാളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് വീരേഷ് ഈ പണം കൈപ്പറ്റുകയും ഓൺലൈൻ ഗെയിമുകൾ കളിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു.
രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്ന സാഹചര്യത്തിൽ കേസ് എത്രയും വേഗം ക്രൈം ഇൻവസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന് (സിഐഡി) കൈമാറുമെന്ന് എസ് പി ശിവകുമാർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതി ഉപയോഗിക്കാനിരുന്ന 32 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.