ശ്രീനഗര്‍:രജൗരി ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്‌മീര്‍ പൊലീസ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ആരെങ്കിലും പങ്കുവച്ചാൽ അയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. അതോടൊപ്പം ഭീകരവാദികളെ കുറിച്ച് സൂചന നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
രജൗരി ആക്രമണം: ഭീകരവാദികളെ കുറിച്ച് വിവരം കൈമാറിയാല്‍ 10 ലക്ഷം രൂപ, പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്‌മീര്‍ പൊലീസ് - ജമ്മു കശ്‌മീര്‍ പൊലീസ്
ജനുവരി ഒന്നിന് രജൗരിയില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്കാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ ഡാംഗ്രി ഗ്രാമത്തില്‍ ഞായര്‍ വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഞായറാഴ്‌ച ഉണ്ടായ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ വീടിന് സമീപം ഇന്നലെയും സ്‌ഫോടനം ഉണ്ടായി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു.
കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് മേഖലയില്‍ നടന്ന പരിശോധനയില്‍ ഇംപ്രൊവൈസ്‌ഡ് സ്ഫോടകവസ്‌തുവെന്ന് സംശയിക്കുന്ന മറ്റൊരു ഉപകരണവും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇന്നും സുരക്ഷ ഏജന്‍സികള്‍ പ്രദേശത്ത് പരിശോധന നടത്തി. ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും ഗ്രാമത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.