ശ്രീനഗര്‍ :പാക് അധിനിവേശ കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇത് സംബന്ധിച്ച പ്രമേയം പാര്‍ലമെന്‍റില്‍ അംഗീകരിച്ചിട്ടുള്ളതാണെന്നും 1994 ഫെബ്രുവരിയില്‍ പാസായത് പരാമര്‍ശിച്ചുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മുവില്‍ 23-ാമത് 'കാര്‍ഗില്‍ വിജയ് ദിവസ്' അനുബന്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.
'പാക് അധിനിവേശ കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെ തുടരും. പാർലമെന്‍റില്‍ ഇത് സംബന്ധിച്ച പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയിട്ടുണ്ട്. 'ബാബ അമർനാഥ്' ഇന്ത്യയിലും 'മാ ശാരദ ശക്തി' നിയന്ത്രണരേഖയുടെ മറുഭാഗത്തുമാകുന്നത് എങ്ങനെ സാധ്യമാകും'- രാജ്‌നാഥ് സിങ് ചോദിച്ചു.
സരസ്വതി ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങളുള്ള ശാരദാപീഠത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പാകിസ്ഥാന്‍ അധിനിവേശ കശ്‌മീരിലെ മുസാഫറാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള നീലം താഴ്‌വരയില്‍ കിഷന്‍ ഗംഗ നദിയോട് ചേര്‍ന്നാണ് ശാരദാപീഠം സ്ഥിതി ചെയ്യുന്നത്. കർത്താര്‍പുര്‍ ഇടനാഴി തുറന്നുകൊടുത്തതിന് സമാനമായി ഇവിടെ പ്രാര്‍ഥനയ്‌ക്കായി സൗകര്യമൊരുക്കണമെന്ന് ഏറെക്കാലമായി കശ്‌മീരി പണ്ഡിറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്.
'ആർട്ടിക്കിള്‍ 370 കൃത്രിമമായ നിയമ തടസം' : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്‌മീരിലെ ജനങ്ങളുടെ, പ്രത്യേകിച്ചും യുവാക്കളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മേല്‍ പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ ഉദിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുടേതിന് സമാനമായി ജമ്മു കശ്‌മീരില്‍ പുതിയ വികസനങ്ങള്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
1962ല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്‍റെ കാലത്ത് ചൈന ലഡാക്കിലെ ഒരു ഭാഗം പിടിച്ചെടുത്തതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഇന്ത്യ ശക്തവും ആത്മവിശ്വാസവുമുള്ള രാഷ്‌ട്രമായി മാറി. നെഹ്‌റുവിന്‍റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവ നല്ലതായിരിക്കാം, എന്നാൽ നയങ്ങൾക്ക് ഇത് ബാധകമല്ല. ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ്' - രാജ്‌നാഥ് സിങ് പറഞ്ഞു.