ന്യൂഡൽഹി : സാരെ ജഹാൻ സെ അച്ഛായുടെ രചയിതാവും ചിന്തകനും പാകിസ്ഥാൻ രാഷ്ട്ര കവിയുമായ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാൻ തീരുമാനിച്ച് ഡൽഹി യൂണിവേഴ്‌സിറ്റി. ബിഎ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാനുള്ള പ്രമേയം ഡൽഹി സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ പാസാക്കി. അക്കാദമിക് കൗണ്‍സിലിന്‍റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രധാന ചിന്തകരിലൂടെ അവരുടെ ആശയങ്ങള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെ 11 യൂണിറ്റുകൾ കോഴ്‌സിന്‍റെ ഭാഗമായി ഉണ്ട്. ഇതിൽ ഒന്നായ 'ഇഖ്‌ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റാണ് സിലബസിൽ നിന്ന് നീക്കം ചെയ്യുന്നതിനായി അക്കാദമിക് കൗണ്‍സില്‍ പുനഃപരിശോധന നടത്തിയത്. മഹാത്മാഗാന്ധി, ബിആര്‍ അംബേദ്‌കര്‍, രാജ റാം മോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ എന്നിവരാണ് സിലബസിൽ ഭാഗമായ മറ്റ് ചിന്തകർ.
ബിഎ ആറാം സെമസ്റ്റർ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന അധ്യായത്തിലാണ് മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് പഠിക്കാനുള്ളത്. ഇന്ത്യൻ രാഷ്ട്രീയ ചിന്തയിലെ സമ്പന്നതയിലേക്കും വൈവിധ്യത്തിലേക്കും വിദ്യാർഥികൾക്ക് നേർക്കാഴ്‌ച നൽകുന്നതിനായാണ് കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് സിലബസിന്‍റെ ആമുഖത്തിൽ പരാമർശിക്കുന്നത്. ആധുനിക ഇന്ത്യൻ ചിന്തയെ കുറിച്ച് വിമർശനാത്മകമായി പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് ഇതിന്‍റെ ലക്ഷ്യം.
1877ൽ അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിലാണ് മുഹമ്മദ് ഇഖ്ബാൽ ജനിച്ചത്. പാകിസ്ഥാൻ എന്ന ആശയത്തിന് ജന്മം നൽകിയത് ഇഖ്ബാലാണ്. അതേസമയം, രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. 'പാകിസ്ഥാന്‍റെ ദാർശനിക പിതാവ്' എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് അലി ജിന്നയെ മുസ്ലിം ലീഗിന്‍റെ നേതാവായി ഉയർത്തിയതിൽ മുഹമ്മദ് ഇഖ്ബാൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെ പോലെ മുഹമ്മദ് ഇഖ്ബാലും ഉത്തരവാദിയാണെന്ന് എബിവിപി കൂട്ടിച്ചേർത്തു.