ജയ്പൂര്‍ :ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി ബന്ധുവായ 14കാരന്. രാജസ്ഥാനിലെ ചുരു മേഖലയിലെ സദല്പൂര് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പതിനാലുകാരനെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (Pocso Case Against 14yr Old Boy).
ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നത്. വയലില്‍ ഷെഡ് കെട്ടിയാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെയുള്ള കുളത്തിന് അരികില്‍ ഇരുന്ന് ആറ് വയസുകാരി പഠിക്കുന്നതിനിടെയാണ് 14കാരന് കുട്ടിയെ ഉപദ്രവിച്ചതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ വസ്ത്രങ്ങളുമെടുത്താണ് 14കാരന് രക്ഷപ്പെട്ടത്. കൂടാതെ, വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ പീഡനത്തിനിരയായി 9കാരി :അടുത്തിടെയാണ് ന്യൂഡല്‍ഹിയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നത്. ഈ സംഭവത്തില്‍ ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ 52 കാരനെ പൊലീസ് പിടികൂടിയിരുന്നു.