ന്യൂഡൽഹി: നീരവ് മോദിയുടെ അടുത്ത സഹായി സുഭാഷ് ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്‌തു. ഈജിപ്റ്റില്‍ നിന്ന് ഇയാളെ നാടുകടത്തി ഇന്ത്യയിലേക്ക് അയച്ചിരുന്നു. മുംബൈയിലെത്തിയ ഇയാളെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നു സുഭാഷ് ശങ്കർ. നീരവ് മോദി, മെഹുൽ ചോക്‌സിയുമടക്കം പ്രമുഖർ ഉൾപ്പെട്ടതാണ് പിഎൻബി തട്ടിപ്പ്. നീരവ് മോദിയുടെ കമ്പനിയിൽ ഫിനാൻസ് ഡിജിഎം ആയിരുന്നു ശങ്കർ.
പിഎൻബിയുടെ വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദീർഘകാലമായി അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു സിബിഐ. 'ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. അദ്ദേഹത്തെ മുംബൈ കോടതിയിൽ ഹാജരാക്കും, കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡ് ചെയ്യും.' സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.