കൊല്‍ക്കത്ത: കൊവിഡ് സാഹചര്യത്തില്‍ ബംഗാളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി ബംഗാളില്‍ ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലേക്കുള്ള പ്രചാരണ റാലികളില്‍ നിന്നാണ് പ്രധാനമന്ത്രി പിന്മാറിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിര്‍ച്വല്‍ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയത്.
അതേസമയം പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ ക്യാമ്പയിനെന്ന തീരുമാനം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന ഉറച്ച ആത്മവിശ്വാസം കൊണ്ടോ അതോ ഏഴും എട്ടും ഘട്ടങ്ങളില്‍ വിജയ പ്രതീക്ഷയില്ലാഞ്ഞിട്ടാണോയെന്ന ചോദ്യമുയരുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ തീരുമാനം ബിജെപി ക്യാമ്പുകളില്‍ നിന്നുള്ള ശുഭസൂചനയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ പരാജയ ഭീതിയെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ചിലര്‍ കരുതുന്നു.
ഇതിനകം വോട്ടെടുപ്പ് പൂര്‍ത്തിയായ 223 നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും ആയതിനാല്‍ ശേഷിക്കുന്ന 69 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണത്തിന് പോവേണ്ടതില്ലെന്നും പാര്‍ട്ടി കരുതുന്നതായി ചില രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ആയതിനാല്‍ പ്രധാനമന്ത്രി നേരിട്ടെത്തുന്നതിന് പകരം വിര്‍ച്വല്‍ പ്രചാരണ രീതിയെ ആശ്രയിക്കുന്നുവെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.