ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന നേതാക്കളുടെ ആവശ്യത്തിന് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ജമ്മു കശ്മീരിന്‍റെ വികസനത്തിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട യോഗമായിരുന്നു ഇന്നലെ(ജൂണ്‍ 24) നടന്നതെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എല്ലാ മേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.
"മണ്ഡല പുനഃക്രമീകരണവും തെരഞ്ഞെടുപ്പും അനിവാര്യം" - നരേന്ദ്രമോദി
പാര്‍ലമെന്‍റില്‍ നല്‍കിയ ഉറപ്പ് പാലിക്കാൻ പ്രതിജ്ഞാബദ്ധമാണ് കേന്ദ്രസര്‍ക്കാര്‍. യുക്തമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കും. അതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണവും സമാധാനപരമായ തെരഞ്ഞെടുപ്പും നടക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ മണ്ഡല പുനഃക്രമീകരണ നടപടികളോട് പല പാര്‍ട്ടികളും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. മണ്ഡല പുനർനിർണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തിൽ പ്രത്യേകനടപടി എന്തിനാണെന്നും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി ഉമര്‍ അബ്‌ദുല്ല ചോദിച്ചു.
"നിയമ പോരാട്ടം തുടരും" - ഉമര്‍ അബ്‌ദുല്ല
ഇത് ഒരു തുറന്ന ചർച്ചയായതിനാൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്യമായി അവതരിപ്പിച്ചു. 2019 ഓഗസ്റ്റ് 5 ന് നടന്ന കാര്യങ്ങള്‍ സ്വീകരിക്കാൻ ഞങ്ങള്‍ തയാറല്ല, പക്ഷേ നിയമം ഞങ്ങള്‍ കൈയിലെടുക്കില്ല. കേന്ദ്രത്തിനെതിരെ കോടതിയിൽ പോരാടുമെന്നും അവിടെ ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉമര്‍ അബ്‌ദുല്ല പറഞ്ഞു.
Also Read: ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍ ; കോടതിയില്‍ പോരാട്ടം തുടരുമെന്ന് ഒമർ അബ്‌ദുള്ള
മണ്ഡല പുനര്‍നിര്‍ണയ നടപടികളും തെരഞ്ഞെടുപ്പും നിര്‍ണായകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. ജമ്മുകശ്മീരിൽ സ്വീകരിച്ച നടപടികളും നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി പരിപാടികളുടെ രൂപരേഖയും അമിത് ഷാ വിശദീകരിച്ചു.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ 2 കേന്ദ്ര ഭരണപ്രദേശങ്ങലായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
Also Read: ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്‌ദുല്ല തുടങ്ങിയവർ പങ്കെടുത്തു.
ജമ്മു കശ്മീർ, ലഡാക്ക് ഭരണ സംവിധാനം
ജമ്മു കശ്മീർ സംസ്ഥാനം 2019 ഒക്ടോബർ 31 ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചു. ജമ്മു കശ്മീരിൽ 20 ജില്ലകൾ, ലഡാക്കിൽ രണ്ടും. ജമ്മു കശ്മീർ നിയമസഭയിൽ 90 സീറ്റ് (അധിനിവേശ കശ്മീരിലെ 24 സീറ്റുകൾ ഒഴിച്ചിട്ട്). ലഡാക്കിന് നിയമസഭയില്ല. പാർലമെന്‍റ് പ്രാതിനിധ്യത്തിൽ ജമ്മു കശ്മീരിൽ 5 ലോക്സഭാ മണ്ഡലങ്ങളും രണ്ടു രാജ്യസഭാ സീറ്റും. ലഡാക്കിന് ഓരോന്നു വീതം രാജ്യസഭാ, ലോക്സഭാ സീറ്റും. ജമ്മു കശ്മീരും ലഡാക്കും ജമ്മു കശ്മീർ ഹൈക്കോടതിയുടെ നിയമപരിധിക്കുള്ളിൽ വരും. നിലവിൽ ലഫ്.ഗവർണർമാരായ മനോജ് സിൻഹ ജമ്മു കശ്മീരിന്‍റെയും ആർ.കെ.മാത്തൂർ ലഡാക്കിന്‍റെയും ഭരണച്ചുമതല നിർവഹിക്കുന്നു.