ചെന്നൈ :ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണത്തിന്‍റെ ഉദ്‌ഘാടനം ജൂണ്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ദീപശിഖ പ്രയാണത്തിന്‍റെ ഉദ്‌ഘാടനം. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മഹാബലിപുരത്താണ് 44-ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്.
ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മഹാബലിപുരത്താണ് 44-ാമത് ചെസ് ഒളിമ്പ്യാഡ്
അതേസമയം സമയക്കുറവ് കാരണം ഇത്തവണ ഇന്ത്യക്കുള്ളിൽ മാത്രമേ ദീപശിഖ പ്രയാണം നടത്തുകയുള്ളൂവെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ അറിയിച്ചു. അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദും ദീപശിഖ പ്രയാണത്തിന്‍റെ ഭാഗമാകും. 187 രാജ്യങ്ങളിൽ നിന്ന് ഓപ്പൺ, വനിത വിഭാഗങ്ങളിൽ നിന്നായി 343 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്‌ക്കുന്നത്.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടത്താനിരുന്ന മത്സരം റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് മാറ്റിയത്. റഷ്യയിൽ നിന്ന് വേദി മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഒരു കോടി യുഎസ് ഡോളറിന്‍റെ ഗ്യാരന്‍റി സമർപ്പിക്കുകയായിരുന്നു.