ന്യൂഡല്‍ഹി :രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുക. ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപനമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തെ ലാഘവത്തോടെ കാണരുതെന്ന് നിതി ആയോഗ് അംഗം ഡോക്‌ടര്‍ വികെ പോള്‍ വ്യക്തമാക്കി.
'ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ് ഒമിക്രോണ്‍. സാധാരണ പനി പോലെ ഒമിക്രോണിനെ കാണരുത്. സാധാരണനിലയില്‍ രോഗാണുവിന്‍റെ വ്യാപനത്തിന് സമയം എടുക്കാറുണ്ട്. ഉയര്‍ന്ന വ്യാപനശേഷി കാരണം ഒമിക്രോണിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല' - ഡോ. വി.കെ.പോള്‍ പറഞ്ഞു.
ALSO READ:ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു ; 27,000 പുതിയ രോഗികൾ, 40 മരണം
മഹാരാഷ്ട്ര, പശ്ചിമബംഗാള്‍,തമിഴ്‌നാട്,കര്‍ണാടക,ഉത്തര്‍പ്രദേശ്,കേരളം,ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 22.39 ഉം ,പശ്ചിമബംഗാളില്‍ 32.18 ഉം,ഡല്‍ഹിയില്‍ 23.1ഉം ,ഉത്തര്‍പ്രദേശില്‍ 4.47ശതമാനവുമാണ്.
ഈ മാസം ഒമ്പതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകനയോഗം നടന്നിരുന്നു. ജില്ലാ തലത്തില്‍ ആരോഗ്യസംവിധാനം ശക്‌തിപ്പെടുത്തണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്‌ച 1,94,720 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 442 കൊവിഡ് മരണങ്ങളും രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തു.