ന്യൂഡൽഹി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി അധ്യക്ഷത വഹിക്കും.
“മെച്ചപ്പെട്ട ജീവിതചുറ്റുപാടുകൾക്കായി ജൈവ ഇന്ധനങ്ങളുടെ പ്രചാരണം” എന്നതാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പ്രമേയം. കൂടാതെ ശനിയാഴ്‌ച രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ കർഷകരുമായി സംവദിക്കുന്ന പ്രധാനമന്ത്രി എഥനോൾ, ബയോഗ്യാസ് എന്നിവ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അവരുടെ അനുഭവങ്ങളും ചോദിച്ച് അറിയും. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2023 ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം വരെ എഥനോൾ മിശ്രിത പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകുന്ന ഇ-20 വിജ്ഞാപനം ഇന്ത്യാ ഗവൺമെന്‍റ് (ജിഒഐ) പുറത്തിറക്കും. ഇതിലൂടെ അധിക എഥനോൾ ശുദ്ധീകരിക്കാനുള്ള ശേഷി സജ്ജമാക്കുന്നതിന് സഹായിക്കുകയും രാജ്യത്തുടനീളം മിശ്രിത ഇന്ധനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി ലഭിക്കുകയും ചെയ്യും. കൂടാതെ 2025ന് മുമ്പ് എഥനോൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലുമടക്കം എഥനോൾ ഉപഭോഗം വർധിപ്പിക്കാനും ഇത് സഹായിക്കും. അതേസമയം പൂനെയിലെ മൂന്ന് സ്ഥലങ്ങളിൽ ഇ-100 ഡിസ്‌പെൻസിങ് സ്റ്റേഷനുകളുടെ പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Also Read: സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി